Trending

കോഴിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ 266 വെടിയുണ്ടകള്‍ കണ്ടെത്തി




കോഴിക്കോട് : തൊണ്ടയാട് ബൈപാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗിച്ച രണ്ട് വെടിയുണ്ടകളും സമീപത്ത് നിന്ന് കിട്ടി. നെല്ലിക്കോട് കുറ്റികുത്തിയ തൊടി പറമ്പിന്റെ ഒരു ഭാഗത്താണ് കണ്ടത്. ചൊവ്വാഴ്‌‌ചയാണ്‌ സംഭവം. പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലുമായി ചിതറിയ നിലയിലാണ് വെടിയുണ്ടകളുള്ളത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റൈഫിളിൽ ഉപയോഗിക്കുന്നവയാണിവ.
 
ഈ പറമ്പിനടുത്ത് സ്ഥലം അളക്കുന്നതിന്റെ ഭാഗമായി കാടുവെട്ടിത്തെളിക്കുന്നതിനിടെ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതാണ്. കൗൺസിലർ സുജാത കൂടത്തിങ്കലാണ് പൊലീസിൽ അറിയിച്ചത്. ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ അനിൽ ശ്രീനിവാസ്‌, മെഡിക്കൽ കോളേജ്‌ ഇൻസ്‌പെക്‌ടർ എം എൽ ബെന്നിലാലു എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട്‌ നടത്തിയ പരിശോധനയിൽ കൂടുതൽ വെടിയുണ്ടകൾ കണ്ടെത്തി.
 
ബോംബ്‌ സ്‌ക്വാഡ്‌ ഉൾപ്പെടെ സ്ഥലത്തെത്തി. ഡീപ്‌ സെർച്ച്‌ മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ കൂടുതൽ വെടിയുണ്ടകൾ കിട്ടിയത്‌. അഞ്ച്‌ പെട്ടികളിലും പ്ലാസ്‌റ്റിക്‌ കവറുകളിൽ പൊതിഞ്ഞ നിലയിലുമാണ്‌ ഇവയുണ്ടായിരുന്നത്‌. ഷൂട്ടിങ്‌ പരിശീലിക്കാൻ ഉപയോഗിക്കുന്ന ടാർജറ്റ്‌ ബോർഡ്‌ ഇതിന്‌ സമീപത്തുനിന്നായി കണ്ടെത്തിയിട്ടുണ്ട്‌. തോക്ക്‌ ലൈസൻസ്‌ ഉള്ളവർക്കും റൈഫിൾ ക്ലബ്ബുകാർക്കും വാങ്ങാൻ കഴിയുന്ന വെടിയുണ്ടകളാണ്‌ ഇവയെന്ന്‌ പൊലീസ്‌ അറിയിച്ചു.

Post a Comment

Previous Post Next Post