Trending

രാജ്യദ്രോഹ നിയമം മരവിപ്പിച്ചു; സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി



ന്യൂഡൽഹി: രാജദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് അനുമതി നൽകി. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകൾ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകൾ രജിസ്റ്റർ ചെയ്താൽ പ്രതികൾക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.



രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ കോടതി സ്റ്റേ ചെയ്തു. ജയിലുകളിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ

സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

124 എ വകുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാന സർക്കാരുകൾക്കു നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.


നിലവിൽ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെയാണ് ഈ താൽക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post