Trending

ഹോട്ടൽവരാന്തയിൽ ഉറങ്ങി കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം;ഗുരുതര പൊള്ളലേറ്റ കൊടുവള്ളി സ്വദേശി ചികിത്സയിൽ







കോഴിക്കോട്: ഹോട്ടൽവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്തിനുനേരെയാണ് (48) വധശ്രമം.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കോഴിക്കോട് റെയിൽവേക്കു സമീപം ഇന്‍റർനാഷനൽ ഹോട്ടലിന്‍റെ മുൻ ഭാഗത്ത് ഉറങ്ങവെ ഷൗക്കത്തിന്‍റെ ദേഹത്ത് ഒരാൾ രാസവസ്തു ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഹോട്ടലിന്‍റെ സി.സി.ടി.വി കാമറയിൽ ദേഹത്തേക്ക് രാസവസ്തു ഒഴിക്കുന്നതിന്‍റെയും തീകൊളുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് എത്തി ആംബുലൻസിലാണ് ഷൗക്കത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയാണ് തന്നെ തീകൊളുത്തിയത് എന്നാണ് ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ ഷൗക്കത്തിന്‍റെ മൊഴി.

മണി തലശ്ശേരിയിൽനിന്ന് കേസന്വേഷിക്കുന്ന ടൗൺ പൊലീസിന്‍റെ പിടിയിലായതായാണ് സൂചന. മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്നാണ് വിവരം.

നഗരത്തിൽ അലഞ്ഞുനടക്കുന്ന ഷൗക്കത്തും പരിചയക്കാരൻ മണി എന്നയാളും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. ശനിയാഴ്ച വൈകീട്ട് മദ്യത്തെച്ചൊല്ലി ഇരുവരും വഴക്കുണ്ടായിരുന്നു. ഇതിനെത്തുടർന്ന് രാത്രി കടവരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഷൗക്കത്തിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു മണി.

റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് നടന്നുവന്ന മണി ഷൗക്കത്ത് കിടന്ന കടവരാന്തയ്ക്ക് മുന്നിലെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവശേഷം പെട്ടെന്നുതന്നെ ഇയാൾ നടന്നുപോകുകയും ചെയ്തു.

Post a Comment

Previous Post Next Post