മത്സ്യം കേടാവാതിരിക്കാന്‍ രാസവസ്തു ഉപയോഗിക്കുന്നു എന്ന പരാതി ശക്തമായതോടെ ഭക്ഷ്യസുരക്ഷ വകുപ്പ്പരിശോധന കര്‍ശനമാക്കി.
നടപടികള്‍ ശക്തമാക്കാന്‍ കോഴിക്കോട് ഫുഡ് സേഫ്റ്റി കാര്യാലയം പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
സാധാരണ ഉപയോഗിക്കാറുള്ള ഫോര്‍മാലിന്‍, അമോണിയം എന്നിവക്ക് പകരം അജ്ഞാത രാസവസ്തു ഉപയോഗിക്കുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷവകുപ്പിന്‍റെ ഗവേഷണവിഭാഗം പരിശോധന നടത്തിവരുകയാണ്. ഐസില്‍ മായം ചേര്‍ക്കുന്നു എന്ന തരത്തില്‍ പരാതി ഉയര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച പുതിയാപ്പ ഹാര്‍ബറില്‍ ഒരു പൊലീസ് ഓഫിസറുടെ പരാതിപ്രകാരം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോട്ടില്‍ നിന്ന് കൊണ്ടുവന്ന മത്സ്യസാമ്പിൾ പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മൊബൈല്‍ ലാബ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. മീനില്‍ രാസവസ്തുവിന്‍റെ രുചിയുണ്ടെന്ന് വ്യാപക പരാതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷവകുപ്പിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയാപ്പ, ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷവകുപ്പും ചേര്‍ന്ന പരിശോധനയാണ് ആസൂത്രണം ചെയ്തത്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകള്‍ മുൻപ് ചെക്ക് പോസ്റ്റുകളില്‍ കാര്യക്ഷമമായി പരിശോധന നടന്നിരുന്നു. നിലവില്‍ ചെക്ക്പോസ്റ്റ് പരിശോധന കുറ്റമറ്റ രീതിയില്‍ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകള്‍ അധികവും ഗ്രാമീണമേഖലയിലേക്കാണ് വില്‍പനക്കായി പോകുന്നത്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മീന്‍ സൂക്ഷിക്കുന്ന ഗോഡൗണുകളുമുണ്ട്.
ക്ഷാമകാലത്ത് ഇത്തരം ഗോഡൗണുകളില്‍ നിന്നാണ് മത്സ്യം വിപണിയിലേക്ക് ഒഴുകുന്നത്. ഇത്തരം കേന്ദ്രങ്ങളിലും പരിശോധനയില്ല. ചൂട് കൂടിയതോടെ മീന്‍ കേടാവാനുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് രാസവസ്തുക്കളുടെ ഉപയോഗത്തിന് സാധ്യത കൂടുതലുള്ളത്.
Tags:
Latest