Trending

സംസ്ഥാനത്ത് വൻ അഴിച്ചുപണി; 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി, ആരോഗ്യവകുപ്പിൽ വീണ്ടും മാറ്റം


*_തിരുവനന്തപുരം_* : സംസ്ഥാനത്ത് 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ ഉത്തരവ്. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു. രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല നൽകി. പ്രശാന്ത് കെഎസ്ഇബി ചെയർമാനായി നിയമിക്കപ്പെട്ടെങ്കിലും കായിക വകുപ്പിന്റെ ചുമതല തുടരും.

ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്തെ മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന ശർമിള മേരി ജോസഫിനെ മാറ്റി മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ഹനീഷ്. നേരത്തെ ഡോ. റീനയെ മാറ്റിയ ശേഷം താൽക്കാലിക ചുമതല നൽകി പിന്നീട് സെക്രട്ടറിയാക്കിയതായിരുന്നു ശർമിളയെ. ശർമിളയ്ക്ക് വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതല നൽകി.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെയും ചർച്ചയായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. അനുപമയും ദിവ്യ എസ്. അയ്യരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരേ പദവിയുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതും ചർച്ചയായിരുന്നു.

മറ്റ് പ്രധാന മാറ്റങ്ങൾ:
- ധനകാര്യ വകുപ്പ് സെക്രട്ടറി: മിൻഹാജ് ആലം (കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി)
- വ്യവസായ വകുപ്പ് സെക്രട്ടറി: എം. ബീന
- കൃഷി വകുപ്പ് സെക്രട്ടറി: വീണ എൻ. മാധവൻ
- പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറി: ശ്രീറാം സാംബശിവ റാവു
- തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി: പി.ബി. നൂഹ്
- ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി: എസ്. സുഹാസ്
- സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി: ബി. അബ്ദുൽ നാസർ (ഫിഷറീസ് വകുപ്പിൽ നിന്ന് മാറ്റി)

വിവിധ വകുപ്പുകളിലെ ഭരണപരമായ മാറ്റങ്ങൾക്കൊപ്പം മന്ത്രിമാരുടെ ഇടപെടലുകളും പുതിയ നിയമനങ്ങളിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വൈദ്യുതി വകുപ്പുകളിലെ മാറ്റങ്ങൾ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്.

Post a Comment

Previous Post Next Post