വഴിക്കടവ്-നാടുകാണി ചുരം വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ കർശനമാക്കുന്നു.
ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ പരിശോധിക്കുന്നതിനായി `പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ്` ഒരാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കും.ചുരം ആരംഭിക്കുന്ന ആനമറിയിൽ വനംവകുപ്പ് ചെക് പോസ്റ്റിന് സമീപത്താണ് പുതിയ പരിശോധനാ കേന്ദ്രവും യാത്രക്കാർക്കുള്ള മുന്നറിയിപ്പ് ബോർഡുകളും സജ്ജമാക്കുന്നത്. ചുരം കയറിവരുന്ന മുഴുവൻ വാഹനങ്ങളും ചെക് പോസ്റ്റിൽ നിർത്തി പരിശോധിക്കും.
പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, കവറുകൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വാഹനങ്ങളിൽ കണ്ടെത്തിയാൽ ഹരിതകർമ സേനാംഗങ്ങൾ പിടിച്ചെടുക്കും.
ബോധവത്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുമെങ്കിലും നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് ഘട്ടംഘട്ടമായി കനത്ത പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വനമേഖലയിലെ വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുന്നതിനൊപ്പം യാത്രക്കാർക്കും സഞ്ചാരികൾക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം, പോലീസ്, ആരോഗ്യ വകുപ്പുകളുടെ പൂർണ്ണ സഹകരണത്തോടെയാണ് പരിശോധനകൾ നടപ്പിലാക്കുന്നത്.
Tags:
latest