ജൂലൈ 27ന് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മുഴുവൻ വാർഡുകളിലും ഗ്രാമസഭ വിളിച്ചുചേർത്ത കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്.
ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ പരിപൂർണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി
സെപ്റ്റംബർ 4, 5 തിയതികളിൽ പഞ്ചായത്തിലെ 14 വാർഡുകളിലും ഗ്രാമസഭകൾ നടത്തി. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര ഭരണസമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഗ്രാമസഭകൾ ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ കരട്
വിജ്ഞാപനത്തെക്കുറിച്ച് വിശദീകരിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽനിന്ന് ജനസാന്ദ്രത കൂടിയ കേരളത്തിലെ
പശ്ചിമഘട്ട മേഖലകൾ ഒഴിവാക്കണം. പൊതുജനങ്ങൾക്കായി
കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണം. സംസ്ഥാന സർക്കാരിന്റെ ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കെ.എം. എൽ. മാപ്പിൽ ഉൾപ്പെട്ട കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ നീക്കണം.
ഇ.എസ്.എ. പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ശുപാർശകളും ജിയോ കോഓർഡിനേറ്റുകളും അടങ്ങിയ ഫയലുകൾ പൊതുജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണം. അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുന്നതിന് മുൻപ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പരാതികളും ആശങ്കകളും കേൾക്കണം. ഗ്രാമസഭ തീരുമാനങ്ങൾ അംഗീകരിക്കുന്നതിന് സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭരണസമിതി യോഗം ചേരും.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത്, അഡ്വ. വി.കെ. ഹസീന, ജലീൽ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.