ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ കൂരാച്ചുണ്ട് പഞ്ചായത്ത് സ്പെഷൽ ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പ്രസംഗിക്കുന്നു
കൂരാച്ചുണ്ട് : പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ജൂലായ് 27-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ജനവാസകേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് മുഴുവൻ വാർഡുകളിലും ഗ്രാമസഭ വിളിച്ചുചേർത്തു. ഇത്തരത്തിൽ എല്ലാ വാർഡുകളിലും ഗ്രാമസഭ വിളിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്താണ് കൂരാച്ചുണ്ട്.
പഞ്ചായത്തിലെ പതിനാല് വാർഡുകളിലും സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലായാണ് ഗ്രാമസഭകൾ നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ കരട് വിജ്ഞാപനത്തെക്കുറിച്ച് വിശദീകരിച്ചു.
ജനസാന്ദ്രത കൂടിയ കേരളത്തിലെ പശ്ചിമഘട്ട മേഖലകളെ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽനിന്ന് ഒഴിവാക്കണം, കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണം,ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കെ.എം.എൽ. മാപ്പിൽ ഉൾപ്പെട്ട കൂരാച്ചുണ്ടിലെ പ്രദേശങ്ങൾ നീക്കണം, ഇ.എസ്.എ പരിധി സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ശുപാർശകളും ജിയോ കോഓർഡിനേറ്റുകളും അടങ്ങിയ ഫയലുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണം,അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും ആശങ്കകൾ കേൾക്കണം തുടങ്ങിയ ആവശ്യങ്ങളാണ്
ഗ്രാമസഭകളിൽ ഉന്നയിച്ചത്.
ഗ്രാമസഭാ തീരുമാനങ്ങൾ അംഗീകരിക്കാൻ സെപ്റ്റംബർ ഒമ്പത് ബുധനാഴ്ച രാവിലെ പതിനൊന്നിന് ഭരണസമിതി യോഗം ചേരും. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി അബ്രഹാം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ..കുഞ്ഞമ്മദ്, എൻ.ജെ.ആൻസമ്മ, പ്രബീഷ് തളിയോത്ത്,വി.കെ.ഹസീന, ജലീൽ കുന്നുംപുറത്ത് എന്നിവർ വിവിധ ഗ്രാമസഭകളിൽ പങ്കെടുത്ത് സംസാരിച്ചു.
റിപ്പോർട്ടർ: നിസാം കക്കയം
മാതൃഭൂമി: