കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ എൻ.കെ. കുഞ്ഞമ്മദിന്റെ മണലും മണൽക്കാടും എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
പ്രസിദ്ധ എഴുത്തുകാരൻ അശോകൻ ചെരുവിൽ പ്രകാശന കർമം നിർവഹിക്കും. കൊയിലാണ്ടി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. കെ. സുമേഷ് ആദ്യ കോപ്പി ഏറ്റുവാങ്ങും.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിക്കും. പ്രൊഫ. സി.പി. അബൂബക്കർ മുഖ്യാതിഥിയായിരിക്കും. ദീപ പി.എം. പുസ്തകം പരിചയപ്പെടുത്തും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ദീർഘകാലം വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള കുഞ്ഞമ്മദ് പ്രവാസ ലോകത്ത് കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് മണലും മണൽക്കാടും എന്ന പുസ്തകത്തിലുള്ളത്. ഐ ബുക്‌സാണ് 156 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ. പ്രവാസ അനുഭവങ്ങൾ ഉൾക്കൊള്ളിച്ച് മുൻപ് അത്തിക്കയുടെ പ്രവാസം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2010ൽ ഖത്തർ മീഡിയ ഫോറത്തിന്റെ മികച്ച മാധ്യമപ്രവർത്തകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ലോക കേരള സഭാ അംഗമായി 4 തവണ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി മെമ്പറും കർഷക സംഘം പ്രസിഡന്റുമാണ് 64കാരനായ ഇദ്ദേഹം. ദേശാഭിമാനി പ്രാദേശിക ലേഖകനാണ്. ഭാര്യ:
നെഫീസ. മക്കൾ: മെഹബൂബ് ഹാഷ്മി, ഡോ. ഫർസാന ജാസ്മിൻ.