Trending

സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം: ​അനധികൃത വൈദ്യുതി വേലി വില്ലനായി; കോഴിഫാം ജീവനക്കാരൻ പോലീസ് പിടിയിൽ.



പെരിന്തൽമണ്ണ ആക്കപറമ്പിൽ സഹോദരങ്ങൾ അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ദാരുണമായി മരിച്ച സംഭവത്തിൽ കോഴിഫാം ജീവനക്കാരനെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ കാമ്പൂരിലെ രംഗാലു ബാസ്തി സ്വദേശിയായ സിറാജുദീൻ (46) ആണ് പിടിയിലായത്. 

പാണ്ടിക്കാട് പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ​അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിലേക്ക് ലൈൻ കടത്തിവിട്ടതിലും കൈകാര്യം ചെയ്തതിലുമുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്ത് ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയായ ഫാം ഉടമ സമീറിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്.

വെട്ടത്തൂർ ഏഴുതല സ്വദേശി പട്ടിക്കാടൻ ഹംസയുടെ മക്കളായ സാഹിർ നവാസ് (36), മുഹമ്മദ് ഫാസിൽ മുർഷിദ് (32) എന്നിവരാണ് ഫാമിലെ വേലിയിൽ നിന്ന് ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. കാട്ടുപന്നിയുടെയും കുറുക്കന്റെയും ശല്യം തടയാനാണ് വേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. 

സംഭവസ്ഥലത്ത് പോലീസും കെ.എസ്.ഇ.ബി അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിഫാമിൽ നിന്ന് അനധികൃതമായി വലിച്ച വൈദ്യുതി ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

Post a Comment

Previous Post Next Post