Trending

പൊലീസും അടിമുടി മാറുന്നു; 419 സ്റ്റേഷനുകളില്‍ ഇനി എസ്.ഐമാര്‍; അറിയേണ്ടതെല്ലാം

നാട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും നമ്മള്‍ ആദ്യം വിളിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൊലീസ് സ്റ്റേഷന്‍. അവിടത്തെ എസ്.ഐയേയോ സി.ഐയെയോ ഒക്കെ നമ്മള്‍ വിളിക്കാറും കാണാറും പരാതി പറയാറുമുണ്ട്. നമ്മള്‍ ഇന്നുവരെ ആരെയാണോ വിളിച്ചുകൊണ്ടിരുന്നത് ആ സംവിധാനം നാളെ, സ്വാതന്ത്ര്യദിനം മുതല്‍ അടിമുടി മാറുന്നു. പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിലേക്ക് ഇന്‍സ്പെക്ടര്‍ മാറി എസ്.ഐമാര്‍ വരുന്നൂവെന്നതാണ് പ്രധാനമാറ്റം. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിക്കഴിഞ്ഞു.

419 സ്റ്റേഷനുകളില്‍ എസ്ഐമാര്‍ എസ്.എച്ച്.ഒമാരാകും. 63 സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടരും. എസ്.എച്ച്.ഒമാര്‍ നാളെ ചുമതലയേല്‍ക്കാന്‍ നിര്‍ദേശം 63 സ്റ്റേഷനുകളില്‍ വനിതകള്‍ എസ്.എച്ച്.ഒമാരാകുന്നതും ചരിത്രപരമായ മാറ്റമാണ്. മാറ്റത്തില്‍ മനസിലാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം


സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്ന വാക്കിന്‍റെ ചുരുക്കപ്പേരാണ് എസ്.എച്ച്.ഒ. സ്കൂളില്‍ ഹെഡ്മാസ്റ്ററെന്നും കോളജില്‍ പ്രിന്‍സിപ്പലെന്നുമൊക്കെ പറയുന്നത് പോലെയാണ് പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. അവിടത്തെ ഗൃഹനാഥനാണ്. 2017 വരെ എസ്.ഐമാര്‍ക്കായിരുന്നു സ്റ്റേഷന്‍റെ ചുമതല. പിണറായി സര്‍ക്കാര്‍ അതുമാറ്റി. ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ഇപ്പോള്‍ ആ തീരുമാനമാണ് ഒന്‍പത് വര്‍ഷത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പഴയപടിയാക്കി പൊളിച്ചെഴുതുന്നത്.

കേരളത്തിലാകെ 484 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 419 പൊലീസ് സ്റ്റേഷനുകളില്‍ ഇനി എസ്.ഐമാരാരിക്കും എസ്.എച്ച്.ഒ അഥവാ ഗൃഹനാഥന്‍. വളരെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായി തുടരും. തിരുവനന്തപുരത്ത് കന്‍റോണ്‍മെന്‍റ്, മ്യൂസിയം, എറണാകുളത്ത് സെന്‍ട്രല്‍, നോര്‍ത്ത്, പാലാരിവട്ടം, തൃശൂരില്‍ തൃശൂര്‍ ഈസ്റ്റ്, ഒല്ലൂര്‍, വിയ്യൂര്‍, കോഴിക്കോട് ചേവായൂര്‍, കസബ പോലുള്ള കേസും തിരക്കും കൂടിയ 64 സ്റ്റേഷനില്‍ മാത്രം. ഒരേയൊരു സ്റ്റേഷന്‍, മുല്ലപ്പെരിയാര്‍. അവിടെ ഡിവൈ.എസ്.പിയായിരിക്കും എസ്.എച്ച്.ഒ.

ഇതിനിടയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് 63 സ്റ്റേഷനുകളില്‍ വനിത എസ്.ഐമാരായിരിക്കും എസ്.എച്ച്.ഒ എന്നതാണ്. നിലവില്‍ ഓരോ ജില്ലയിലുമുള്ള വനിത പൊലീസ് സ്റ്റേഷനില്‍ മാത്രമാണ് വനിതകള്‍ മേധാവിമാരായുള്ളു. അതുമാറ്റിയാണ് പൊലീസിലെ വനിതാകരുത്തില്‍ ചരിത്രപരമായ മാറ്റം നടത്തുന്നത്.

എസ്.ഐമാര്‍ എസ്.എച്ച്.ഒമാരായി വരുമ്പോള്‍ അതിന് തൊട്ടുമുകളില്‍ മേല്‍നോട്ടച്ചുമതലയില്‍ സി.ഐമാരുണ്ടാകും. അതിനായി പഴയ സര്‍ക്കിള്‍ സിസ്റ്റം തിരികെ വരും. ഒരു സര്‍ക്കിളില്‍ അല്ലങ്കില്‍ ഒരു സി.ഐയുടെ കീഴില്‍ രണ്ടോ മൂന്നോ പൊലീസ് സ്റ്റേഷന്‍ വരും. അവര്‍ക്കും മുകളില്‍ നിലവിലുള്ളത് പോലെ ഡിവൈ.എസ്.പിമാരും തുടരും.

നാട്ടുകാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ ഇനി വിളിക്കേണ്ടത് സി.ഐമാരെയല്ല. എസ്.ഐമാരെയാണ്. ഓരോ സ്റ്റേഷനിലും എസ്.ഐമാര്‍ക്ക് സ്വന്തമായി ഔദ്യോഗിക മൊബൈല്‍ നമ്പരുണ്ടാകും. അത് മനസിലാക്കി വെക്കണം. പരാതി സ്വീകരിക്കുന്നതും കേള്‍ക്കുന്നതും പരിഹരിക്കേണ്ടതുമെല്ലാം ഇനി എസ്.ഐമാരാണ്. അവരില്‍ നിന്ന് നീതി കിട്ടുന്നില്ലങ്കില്‍ മാത്രം സി.ഐനെയോ ഡിവൈ.എസ്.പിയെയോ വിളിക്കാം. കൊലപാതകം, പീഡനം, പോക്സോ പോലുള്ള ഗൗരവമേറിയ കേസുകളാവും ഇനി സി.ഐയും അതിന് മുകളിലുള്ളവരും കൈകാര്യം ചെയ്യുക.

Post a Comment

Previous Post Next Post