Trending

ഇന്ത്യയിൽ ജൂലൈയിൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: ആശങ്കയേറുന്നു



*_ന്യൂഡൽഹി_* : പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തമാകുന്നതിനാൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമേ ജൂലായ് മാസത്തിൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ ജൂൺ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1901-ന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂൺ ആയിരുന്നു. 

രാജ്യത്ത് ലഭിക്കേണ്ട ജൂൺ മാസത്തെ മഴയിൽ 39% കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കാർഷിക മേഖലയെയും സമ്പദ്വ്യവസ്ഥയെയും ഈ മഴക്കുറവ് കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് ജൂലായിലും മഴ കുറയുമെന്ന മുന്നറിയിപ്പ്.

മധ്യ, പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ-കിഴക്കൻ ഇന്ത്യയിലും സാധാരണ മഴ ലഭിച്ചേക്കാമെന്ന് പ്രവചനം. വടക്കുകിഴക്കൻ ഇന്ത്യയിൽ രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ഐഎംഡി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ പ്രവചനത്തിൽ, ജുലായിയിൽ രാജ്യത്തുടനീളം സാധാരണയേക്കാൾ താഴെയായിരിക്കും മഴയെന്നും ദീർഘകാല ശരാശരിയുടെ 94% ൽ താഴെ മാത്രമേ മഴ ലഭിക്കുകയുള്ളൂവെന്നും പറയുന്നു.

മഴയുടെ കുറവ് കാരണം ഖാരിഫ് കൃഷിയിറക്കുന്നത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23% കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. നെല്ല്, പയറുവർഗ്ഗങ്ങൾ, സോയാബീൻ, പരുത്തി എന്നിവയുടെ കൃഷിയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post