Trending

പൈലറ്റ് വേഷം കളഞ്ഞ് 'ഡ്രഗ് ഡീലറായി'; കോഴിക്കോട്ടുകാരനായ മുന്‍ പൈലറ്റ് ഗുരുഗ്രാമില്‍ വലയിലായത് 35 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി; വാങ്ങിയത് 5 ലക്ഷത്തിന്, വിറ്റാല്‍ കിട്ടുന്നത് ഏഴിരട്ടി; അര്‍ഷാദ് അലിയുടേത് ലഹരി ഉപയോഗത്തില്‍ നിന്നും ലഹരിവില്‍പ്പനക്കാരനായി മാറയ കഥ

ഗുരുഗ്രാം: അധ്യാപികമാര്‍ എംഡിഎംഎ കേസില്‍ അറസ്റ്റിലായതിന്റെ ഞെട്ടിക്കുന്ന കഥകള്‍ക്കിടെ മലയാളികളെ നടുക്കുന്ന മറ്റൊരു ലഹരിവേട്ടയുടെ വാര്‍ത്ത കൂടി. വിമാനം പറത്തിയിരുന്ന മലയാളി പൈലറ്റ് ഒടുവില്‍ അടിമുടി ലഹരി മാഫിയയുടെ 'ഹൈടെക്' ഡീലറായി മാറിയ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളി സമൂഹം കേള്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എയുമായി പ്രമുഖ സ്വകാര്യ എയര്‍ലൈന്‍സിന്റെ മുന്‍ പൈലറ്റായ കോഴിക്കോട്ടുകാരനെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അതിസാഹസികമായി പിടികൂടി!


കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയും ഗുരുഗ്രാം ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റിയിലെ താമസക്കാരനുമായ അര്‍ഷാദ് അലി (33) എന്ന 'അജ്ജു' ആണ് ഹരിയാന പോലീസിന്റെ സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ വലയിലായത്. സെക്ടര്‍ 103-ന് സമീപം വെച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. രാജേന്ദ്ര പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ആദ്യം സ്വന്തം ആവശ്യത്തിനും രസത്തിനും വേണ്ടിയാണ് എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങിയതെങ്കിലും, പിന്നീട് ഈ മേഖലയിലെ കച്ചവട സാധ്യതയും എളുപ്പത്തില്‍ കോടികള്‍ സമ്പാദിക്കാമെന്ന മോഹവും അര്‍ഷാദിനെ ലഹരി വ്യാപാരിയാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത 35 ലക്ഷം രൂപയുടെ എം.ഡി.എം.എ നോയിഡയിലെ ഒരു വന്‍ ലഹരി റാക്കറ്റില്‍നിന്ന് കേവലം 5 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ കരസ്ഥമാക്കിയത്! ഇത് കച്ചവടക്കാര്‍ക്ക് ചില്ലറയായി വിറ്റുതീര്‍ത്ത ശേഷം ബാക്കി തുക നല്‍കാനായിരുന്നു നോയിഡ സംഘവുമായുള്ള ധാരണ.


ഡല്‍ഹിയും നാഷണല്‍ ക്യാപിറ്റല്‍ റീജിയണും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ലഹരി മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് മുന്‍ പൈലറ്റായ അര്‍ഷാദ് അലിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയ മുന്‍നിര ഏജന്റുമാരെക്കുറിച്ചും, ഡല്‍ഹിയിലും ഹരിയാനയിലുമുള്ള ഇയാളുടെ പ്രധാന കസ്റ്റമര്‍മാരെക്കുറിച്ചും ഗുരുഗ്രാം ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി പ്രതിയെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.


Post a Comment

Previous Post Next Post