*തിരുവനന്തപുരം:* സംസ്ഥാനത്ത് ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിർത്താനും വിപണിയിടപെടല്‍ ശക്തമാക്കാനുമായി സപ്ലൈകോയ്ക്ക് വൻ സാമ്പത്തിക പാക്കേജ് അനുവദിച്ച് സംസ്ഥാന സർക്കാർ.
ഓണവിപണി സജീവമാക്കാൻ സപ്ലൈകോയ്ക്ക് 200 കോടി രൂപയും, എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപയും ഉള്‍പ്പെടെ ആകെ 253 കോടി രൂപയാണ് അടിയന്തരമായി അനുവദിച്ചത്.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് ഇടപെട്ടാണ് തുക ലഭ്യമാക്കിയത്.
മുൻ ഭരണകാലങ്ങളിലൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വിപണിയിടപെടലിനായി അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ വകയിരുത്തിയ 315 കോടി രൂപയില്‍ 20 കോടി രൂപ നേരത്തെ തന്നെ സപ്ലൈകോയ്ക്ക് കൈമാറിയിരുന്നു.
ഇപ്പോള്‍ അനുവദിച്ച തുക കാര്യക്ഷമമായി വിനിയോഗിച്ച ശേഷം കൂടുതല്‍ ഫണ്ട് ആവശ്യമായി വരികയാണെങ്കില്‍ സപ്ലൈകോയ്ക്ക് സർക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനും പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പ്രത്യേക 'മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമില്‍' (Market Intervention Scheme) നിന്നാണ് തുക അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് ധനവകുപ്പ് പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
അടിയന്തരമായി വൻ തുക അക്കൗണ്ടിലെത്തിയതോടെ ഓണക്കാലത്തേക്ക് ആവശ്യമായ സാധനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നടപടികള്‍ സപ്ലൈകോ വേഗത്തിലാക്കി. പൊതുവിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Tags:
latest