Trending

സ്റ്റേഷനുകളിൽ എസ്ഐമാർ SHO ആകും; ഇൻസ്പെക്ടർ സംവിധാനം മാറ്റാൻ ഡിജിപിയുടെ ശുപാർശ

പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയ പിണറായി സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാമെന്ന് പൊലീസ് മേധാവി. 421 സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കാം. പ്രധാനപ്പെട്ട 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്പെക്ടര്‍മാര്‍ മതിയെന്നും റിപ്പോര്‍ട്ട്. ഡി.ജി.പി സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

2018ല്‍ ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെയാണ് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല ഇന്‍സ്പ്കെടര്‍മാര്‍ക്ക് നല്‍കിയ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സംവിധാനം നടപ്പിലാക്കിയത്. പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ പൊലീസില്‍ നടത്തിയ ഏറ്റവും പ്രധാനമാറ്റങ്ങളിലൊന്നും അതായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യമാസം തന്നെ അതുപൊളിച്ചെഴുതാന്‍ പച്ചക്കൊടിയായി. അതായത് പണ്ട് മുതലെ പൊലീസിലുണ്ടായിരുന്ന രീതി.

സ്റ്റേഷന്‍ ചുമതല എസ്.ഐക്ക്, അതിന് മുകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. അതിനും മുകളില്‍ സബ് ഡിവിഷന്‍റെ ചുമതലയില്‍ ഡിവൈ.എസ്.പി എന്ന പരമ്പരാഗത രീതിയിലേക്കുള്ള മടക്കം. ആകെയുള്ള 484 പൊലീസ് സ്റ്റേഷനുകളില്‍ 421 സ്റ്റേഷനിലും എസ്.ഐമാര്‍ക്കാവും ചുമതല. വളരെ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്പെക്ടറുടെ ചുമതല തുടരും. തിരുവനന്തപുരത്ത് മ്യൂസിയം, ഫോര്‍ട്, തമ്പാനൂര്‍, വിഴിഞ്ഞം, കൊച്ചിയില്‍ എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം, തൃക്കാക്കര, തൃശൂരില്‍ വിയ്യൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, കോഴിക്കോട് നടക്കാവ്, മെഡിക്കല്‍ കോളജ്, ചേവായൂര്‍ പോലുള്ള തിരക്കേറിയ സ്റ്റേഷനുകളിലാണ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുക. 

മറ്റിടങ്ങളിലെല്ലാം രണ്ടോ മൂന്നോ സ്റ്റേഷന്‍റെ മേല്‍നോട്ട ചുമതലയുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരും. ഈ മാറ്റം നടപ്പാക്കുമ്പോള്‍ നിലവില്‍ ക്രമസമാധാന ചുമതലയിലുള്ള 206 ഇന്‍സ്പെക്ടര്‍ അധികമാവും. ഇവരെ ക്രൈംബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് പോലുള്ള വിഭാഗങ്ങളിലേക്ക് മാറ്റാനുമാണ് ഡി.ജി.പിയുടെ ശുപാര്‍ശ. പരിശീലനം ഉള്‍പ്പടെ നല്‍കി 2 മാസം കൊണ്ട് മാറ്റം നടപ്പാക്കാമെന്നും ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ റവാഡാ ചന്ദ്രശേഖര്‍ നിര്‍ദേശിക്കുന്നു.

Post a Comment

Previous Post Next Post