* കാട്ടാനയെ തുരത്താൻ ആർആർടി സംഘം രംഗത്ത്
* ഡ്രോൺ ഉപയോഗിച്ച് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയാനും ശ്രമം തുടങ്ങി
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിൽ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂരാച്ചുണ്ട് ഓട്ടപ്പാലത്തെയും പരിസര മേഖലകളിലെയും കൃഷിയിടങ്ങളിൽ കാട്ടാനകൾ പതിവായി എത്തുകയാണ്. വൻ കൃഷിനാശമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയും കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുകയായിരുന്നു. കുമാരൻ പനന്തോട്ടത്തിൽ, ബേബി കാനാട്ട് പൗലോസ് നേടിയ പാലക്കൽ റോബിൻ പുത്തൻപുരയ്ക്കൽ എന്നിവരുടെ കൃഷിയിടങ്ങളാണ് കാട്ടാന നശിപ്പിച്ചത് കുമാരന്റെ വീട്ടിലെ വിറകുപൊരിയും കാട്ടാന തകർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ഒൻപതാം വാർഡിലെ കല്ലാനോട് അകമ്പടി താഴെ മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന നാശം വിതച്ചിരുന്നു. വടു തല ആന്റണി, വടുതല ചാക്കോ എന്നിവരുടെ വാഴ ഉൾപ്പടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ എത്തുന്നത്.
'ആർആർടി സംഘം തിരച്ചിൽ നടത്തി ; ഡ്രോൺ പരിശോധനയും ആരംഭിച്ചു'
കൂരാച്ചുണ്ടിലെ ജനവാസ മേഖലയിൽ സ്ഥിരമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനായി ആർആർടി സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി. വി.ടി.സൂരജ് എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആർആർടി ടീം പ്രദേശത്തെത്തിയത്. ഡ്രോൺ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം തിരിച്ചറിയാനും ശ്രമം നടത്തിയിരുന്നുവെങ്കിലും മൂടൽമഞ്ഞ് കാരണം ശ്രമം വിജയിച്ചില്ല. കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വാചർമാരുടെയും സംഘം മേഖലയിൽ രാത്രി തമ്പടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരം കാണുന്നത് വരെ മേഖലയിൽ ജാഗ്രത തുടരാനാണ് തീരുമാനം.
വില്ലൻ ഇറിഗേഷൻ ഭൂമിയിലെ കാടുകൾ
കൂരാച്ചുണ്ട് : ഓട്ടപ്പാലം മേഖലയിലെ കാട്ടാന ശല്യത്തിന് പ്രധാന കാരണം ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിലെ കാടുകളും കാരണമാകുന്നുവെന്ന് കർഷകർ . കാട്ടാന വനത്തിലേക്ക് കയറാതെ ഇറിഗേഷൻ റിസർവോയറിനും പരിസരത്തുമുള്ള കാട്ടിൽ ഒളിച്ചിരിക്കുകയാണ്.
രാത്രിയിൽ ഈ കാട്ടിൽ നിന്ന് ഇറങ്ങിയാണ് ആനകൾ കൃഷിയിടം നശിപ്പിച്ച് തിരികെ കയറുന്നത്. ഇത് തടയാൻ ഇറിഗേഷൻ സ്ഥലത്തെ കാടുകൾ ഉടൻ വെട്ടിമാറ്റണം എന്നതാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.വി.ടി.സൂരജും ഇത് അംഗീകരിച്ച് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാട് വെട്ടിമാറ്റിയാൽ റാപ്പിഡ് ഫോഴ്സിന് പെട്രോളിംഗ് എളുപ്പമാവുകയും ചെയ്യും