തിരുവനന്തപുരം: ബി.എസ്.എൻ.എലിലെ കോൾപ്രശ്നങ്ങളിൽ നാട്ടുകാർ പറയുന്നതിനെ ശരിവെക്കുന്ന തരത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യുടെ റിപ്പോർട്ടും.
വിവിധ മൊബൈൽ സേവനദാതാക്കളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ടിലാണ് ഭൂരിഭാഗം കാര്യങ്ങളിലും ബി.എസ്.എൻ.എൽ. ഏറ്റവും പിന്നിലുള്ളത്.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോൾ കട്ടാവുക, അങ്ങേത്തലയ്ക്കൽ ബെല്ലടിക്കുന്നത് വിളിക്കുന്നയാളിന് കേൾക്കാമെങ്കിലും സ്വീകർത്താവിന് ബെല്ല് കിട്ടുന്നില്ല, സംസാരത്തിൽ വ്യക്തതയില്ലാതെ വരുക, ലാൻഡ് ഫോണുകളിലേക്ക് വിളിക്കുമ്പോൾ പരിധിക്ക് പുറത്താണെന്ന സന്ദേശം കേൾക്കുക, സംസാരത്തിനിടെ മറ്റു കോളുകൾ കയറിവരുക തുടങ്ങിയ പരാതികളാണ് ഉപയോക്താക്കളിൽനിന്ന് പ്രധാനമായും എത്തുന്നത്.
ഇത്തരം പ്രശ്നങ്ങൾ അതേപോലെ ട്രായ് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെങ്കിലും അതിലേക്ക് നയിക്കുന്ന കാര്യങ്ങളുടെ സ്കോർ കുറഞ്ഞിരിക്കുന്നത് പ്രവർത്തനത്തിലെ മോശാവസ്ഥയുടെ ലക്ഷണമാണ്. രാജ്യത്ത് പൊതുമേഖലയിലുള്ള ഏക മൊബൈൽ സേവനദാതാവാണ് ബി.എസ്.എൻ.എൽ. സ്വകാര്യമേഖലയിൽ ജിയോ, എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നീ സ്വകാര്യകമ്പനികളുമുണ്ട്. പ്രവർത്തമികവിന്റെ റിപ്പോർട്ടിൽ നാലു കമ്പനികളുടെയും വിലയിരുത്തൽ ട്രായ് നടത്തുന്നുണ്ട്.
മൊത്തം പ്രകടനത്തിൽ 10-ൽ 7.7
നാല് കമ്പനികളുടെയും മൊത്തം പ്രവർത്തനത്തിൽ 10-ൽ 7.7 പോയിന്റാണ് ബി.എസ്.എൻ.എലിന്. ജിയോ-9.8, എയർടെൽ-9.3, വൊഡാഫോൺ-8.9 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ സ്‌കോർ.
സംസാരിക്കുമ്പോൾ കട്ടാവുന്നതിൽ മുന്നിൽ
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കട്ടാവുന്നതിന്റെ ബെഞ്ച് മാർക്ക് രണ്ടുശതമാനം എന്നാണ് ട്രായ് നിശ്ചയിച്ചിരിക്കുന്നത്.
നാലാം സ്ഥാനത്തുള്ള ബി.എസ്.എൻ.എലിൽ ഇത് 1.3 മുതൽ 1.9 വരെയാണ്. കട്ടാവുന്നത് ഏറ്റവും കുറവുള്ള സേവനദാതാവിൽ ഈ സ്കോർ 0.5 മുതൽ 0.8 വരെയാണ്. രണ്ടാമത്തെ കമ്പനിയിൽ 1.1 മുതൽ 1.5 വരെയും മൂന്നാമത്തേതിൽ 1.2 മുതൽ 1.8 വരെയുമാണ്.
കോൾ കണക്ടാവുന്നതിലും പിന്നിൽ
ഡയൽ ചെയ്തശേഷം കോൾ കണക്ടാവുന്നതിലും ബി.എസ്.എൻ.എൽ. നാലാംസ്ഥാനത്താണ്. 98.1 മുതൽ 99.9 വരെ ശതമാനമാണ് സ്കോർ. ഒന്നാം സ്ഥാനത്തുള്ള കമ്പനിയിൽ 99.6 മുതൽ 99.8 വരെ ശതമാനമുണ്ട്.
ഉപഭോക്തൃസേവനത്തിൽ മുന്നിൽ
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിൽ ബി.എസ്.എൻ.എലാണ് മുന്നിലുള്ളത്. ബില്ലിങ് പരാതികൾ ഏറ്റവും കുറവാണിവിടെ. പരാതി പരിഹരിക്കുന്നതിൽ 100 ശതമാനമാണ്.
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലുള്ള ടവറുകൾ രാജ്യമാകെ സ്ഥാപിച്ചശേഷം അതിലുണ്ടായ സാങ്കേതികപ്രശ്നങ്ങളാണ് താളപ്പിഴകൾക്ക് കാരണം. വൈകാതെ പരിഹരിക്കുമെന്നാണ് ബി.എസ്.എൻ.എൽ. അധികൃതർ പറയുന്നത്.
Tags:
latest