Trending

കെയറര്‍ വിസയില്‍ യുകെയില്‍ എത്തി എത്തിയ ആയിരങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുതിയ പാര; ഡിപ്പന്‍ഡന്റ് വിസയില്‍ എത്തിയവരുടെ വിസ പുതുക്കുന്നത് നിര്‍ത്തി വച്ചു; കുട്ടികളും ഗര്‍ഭിണികളും അടക്കം അനേകര്‍ക്ക് മടങ്ങി പോകാന്‍ നോട്ടീസ്; അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി മലയാളി കെയറര്‍മാരും

ലണ്ടന്‍: അഞ്ച് വയസ്സുള്ള കുട്ടികള്‍ക്ക് വരെ രാജ്യം വിടാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് ഹോം ഓഫീസ്. അവരുടെ മാതാപിതാക്കള്‍ക്ക്, നിയമപരമായി യു കെയില്‍ തുടരാനുള്ള അനുമതി ഉണ്ടെങ്കില്‍ കൂടി കുട്ടികള്‍ നാടുവിടണമെന്നാണ് യു കെ സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ അഞ്ച് കുട്ടികള്‍ക്ക് അയച്ച കത്ത് പരിശോധിച്ചതിനു ശേഷം ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറാമതൊരു കത്ത് ലഭിച്ചിരിക്കുന്നത് ബ്രിട്ടനില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീക്കാണ്.


ഭര്‍ത്താവിന് യു കെയില്‍ തുടരാമെങ്കിലും, അവരോട് രാജ്യം വിട്ട് പോകാനാണ് കത്തിലൂടെ ഹോം ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 2024 മാര്‍ച്ച് വരെ കെയര്‍ വര്‍ക്കര്‍ വിസയില്‍ എത്തിയവര്‍ക്ക് കൂടെ പങ്കാളികളെയും കുട്ടികളെയും ആശ്രിത വിസയില്‍ കൊണ്ടുവരാനുള്ള അനുമതി ഉണ്ടായിരുന്നു. അങ്ങനെ എത്തിയ കുട്ടികള്‍ക്കാണ് ഇപ്പോള്‍ നാടുവിടാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരാണ് ഹോം ഓഫീസിന്റെ ഈ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയിരിക്കുന്നത്.

ഇവരില്‍ പലരുടേയും കുട്ടികള്‍ ബ്രിട്ടനില്‍ സ്‌കൂള്‍ പഠനം ആരംഭിച്ചു കഴിഞ്ഞവരാണ്. മാത്രമല്ല, ഇവര്‍ക്കൊപ്പം ആശ്രിതവിസയില്‍ എത്തിയ പങ്കാളികളും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു വരുന്നു. സ്വസ്ഥമായ ഒരു കുടുംബജീവിതം നയിച്ചുവരവെയാണ് ഒരു ഇടിത്തീയായി ഹോം ഓഫീസിന്റെ കത്ത് പലര്‍ക്കും ലഭിക്കുന്നത്. ഇതോടെ പലരും അതീവ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് ഹോം ഓഫീസിന് വലിയ തുകകള്‍ ഫീസായി നല്‍കിയാണ് അവര്‍ ഇവിടെ എത്തിയിരിക്കുന്നത്. മാത്രമല്ല, ഇവരില്‍ പലരും നികുതി അടയ്ക്കുന്നവരും, ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്തവരുമാണ്.


അതായത്, ചെറിയ രീതിയിലാണെങ്കില്‍ കൂടി ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക് സംഭവനകള്‍ ചെയ്യുന്നവരാണിവര്‍. ഒരു ലക്ഷം കെയറര്‍മാര്‍ക്കൊപ്പം 1.2 ലക്ഷം ആശ്രിതരെത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു 2023 ല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള അനുമതി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. 2024 മാര്‍ച്ച് മുതല്‍ ഈ വിലക്ക് നിലവില്‍ വന്നു. 2025 ജൂലായ് മുതല്‍ വിദേശത്തുനിന്നും കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിക്കുകയും ചെയ്തു.


ഈ നിയന്ത്രണങ്ങളും നിരോധനങ്ങളുമെല്ലാം നിലവില്‍ വരുന്നതിനു മുമ്പായി യു കെയില്‍ എത്തിയവരാണ് നോട്ടീസ് ലഭിച്ച കുട്ടികള്‍ എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിയമപരമായി തന്നെയായിരുന്നു അവര്‍ ഇത്രനാളും ബ്രിട്ടനില്‍ താമസിച്ചിരുന്നതും. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലാണ് ഇത്തരത്തിലുള്ള നോട്ടീസുകള്‍ കൂടുതലായി അയയ്ക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് ചില നിയമജ്ഞര്‍ പറയുന്നു. ഇത് കുടിയേറ്റ തൊഴിലാളികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അവര്‍ പറയുന്നു.

Post a Comment

Previous Post Next Post