Trending

കുഞ്ഞിനെ കൊലപ്പെടുത്താൻ മാസങ്ങൾ നീണ്ട ആസൂത്രണം? ക്രൂരതയുടെ കൂടുതൽ അറിയാക്കഥകൾ പുറത്ത്


തിരുവനന്തപുരം ∙ ക്രൂരതയുടെ അറിയാക്കഥകൾ കൂടുതൽ പുറത്തുവരുമ്പോൾ ഒന്നര വയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ടതിന്റെ നാലാം ദിനവും കേരള മനഃസാക്ഷിയുടെ നോവ് കൂടുന്നു. വെള്ളിയാഴ്ച വൈകിട്ട് ക്രൂര മർദത്തിൽ അർഷിദ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം പ്രതി അഷ്കർ കുഞ്ഞിന് ചോറ് നൽകാൻ ശ്രമിച്ചു. ഭക്ഷണം ഛർദിച്ച് കുഞ്ഞ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ലക്ഷ്യം.

തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടറും മരണം സ്ഥിരീകരിച്ചു. എന്നാൽ ഇതു വകവയ്ക്കാതെ എസ്എടി ആശുപത്രിയിലെത്തിച്ച അഷ്കർ അവിടെയെത്തുന്നതുവരെ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. നെടുമങ്ങാട് പനവൂർ‌ സ്വദേശിയായ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അഖില ചന്ദ്രനെയും മാതാവിന്റെ സുഹൃത്ത് എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു. ആന്തരാവയവങ്ങളിൽ അടക്കം കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തി എന്നാണ് റിമാൻഡ് റിപ്പോർട്ട്. 

ആഴ്ചകൾക്കു മുൻപ് അഷ്കർ, വീടിന്റെ പടിക്കെട്ടിൽനിന്ന് തള്ളിയിട്ടാണു കുഞ്ഞിന്റെ 2 കൈകളും ഒടിഞ്ഞത്. എന്നാൽ സൈക്കിളിൽനിന്ന് വീണാണ് അപകടമെന്നായിരുന്നു പ്രതികൾ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ചശേഷം അഷ്കർ പ്ലാസ്റ്ററുകൾ അഴിച്ചുമാറ്റി. ഇതോടെ വേദനമൂലം കുഞ്ഞ് കരഞ്ഞപ്പോൾ അഷ്‌കർ മർദിച്ചു. മാസങ്ങൾക്കു മുൻപ് വീടിന്റെ സൺഷേഡിൽ കുഞ്ഞിനെ ഒറ്റയ്ക്കു നിർത്തുന്നത് കണ്ടിരുന്നെന്നും ആളുകൾ ശ്രദ്ധിച്ചതോടെ മാറ്റിയെന്നും അയൽവാസി വെളിപ്പെടുത്തി. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് മുൻപ് അഖിലയുടെ മാതാവിനോടും പ്രതി ഭീഷണി മുഴക്കിയിരുന്നു.

മുൻപ് 2 പെറ്റി കേസുകൾ മാത്രമാണ് പ്രതി അഷ്കറിന്റെ പേരിൽ ഉണ്ടായിരുന്നത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താനായി ഇയാൾ മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. സഹോദരിക്കും ഭർത്താവിനുമൊപ്പം വാടകവീട്ടിൽ കഴിഞ്ഞിരുന്ന അഷ്കറും അഖിലയും അയൽക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. ആരും തങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ അവർ പ്രത്യേക ജാഗ്രത പുലർത്തി. വീട്ടിലേക്ക് സന്ദർശകരെയും അനുവദിച്ചിരുന്നില്ല. കുഞ്ഞ് മരിച്ച ദിവസം നൃത്ത പരിപാടിക്കായി നാഗർകോവിലിൽ ആയിരുന്നു എന്നാണ് മാതാവ് അഖില നൽകിയ മൊഴി. ഇത് കൊലപാതകത്തിന് സൗകര്യം ഒരുക്കാനാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്കറിനെതിരെ പട്ടികജാതി അതിക്രമനിരോധന വകുപ്പും 
നെടുമങ്ങാട് ∙ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചു കെ‌ാലപ്പെടുത്തിയ കേസിൽ‌ പ്രതികൾക്കെതിരെ കുരുക്ക് മുറുകുന്നു. ഒന്നാം പ്രതി എ.അഷ്കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തും. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടിക ജാതിക്കാരായതിനാൽ ഇൗ വകുപ്പ് കൂടി ചുമത്താൻ പെ‌ാലീസ് നടപടികൾ ആരംഭിച്ചു. രക്ഷിതാക്കളുടെ ജാതി സർട്ടിഫിക്കറ്റിനായി തഹസിൽദാർക്ക് കത്ത് നൽകി. കെ‌ാലപാതകം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവയ്ക്കു പുറമേ എസ്‌സി, എസ്ടി വകുപ്പ് കൂടി ചുമത്തുന്നതോടെ അന്വേഷണം ഡിവൈഎസ്പിക്കും കേസ് എസ്‌സി, എസ്ടി കോടതിയിലേക്കും കൈമാറും. അഖി എ.അഖിൽ എന്നായിരുന്നു കുട്ടിയുടെ ആദ്യ പേരെ ങ്കിലും അഷ്കറിന്റെ നിർബന്ധ പ്രകാരമാണ് അർഷിദ് എന്നു മാറ്റിയതെന്ന് മാതാവ് പൊലീസിനു മൊഴി നൽകിയിരുന്നു. നെടുമങ്ങാട് പനവൂർ‌ സ്വദേശിയായ കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അഖില ചന്ദ്രനെയും സുഹൃത്ത് എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു.

കേസിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. അഷ്കറിന്റെ സഹോദരിയെയും ഭർത്താവിനെയും അടുത്ത ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. പനവൂരിലെ വാടകവീട്ടിൽ ഇവർക്കൊപ്പമാണ് പ്രതികൾ താമസിച്ചിരുന്നത്. കുട്ടിയെ മർദിക്കുന്നതിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നാണു സൂചന. അഷ്കർ പ്രണയിച്ച് വഞ്ചിച്ചതിനെത്തുടർന്ന് മാസങ്ങൾക്കു മുൻപ് ചിറയിൻകീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്ന് വാർത്തകളുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രതികളുമായി കൂടുതൽ തെളിവെടുപ്പിന് ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. ഒന്നാംപ്രതി അഷ്‌കറിനെ ഞായറാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും രണ്ടാംപ്രതി അഖിലയെ ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിട്ടില്ല.

അഷ്കറിനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കും: മന്ത്രി 
തിരുവനന്തപുരം ∙ ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസിനു നിർദേശം നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. മുൻ ഭാര്യയെ മർദിച്ച് ഗുരുതരാവസ്ഥയിലാക്കിയതടക്കം പ്രതി അഷ്‌കറിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലെ റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിൽ കഴിയുന്ന അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച മന്ത്രി ചികിത്സയ്ക്ക് സർക്കാർ സഹായം വാഗ്ദാനം ചെയ്തു.

Post a Comment

Previous Post Next Post