Trending

സൗജന്യം സെപ്റ്റംബര്‍ വരെ മാത്രം, ആധാറില്‍ പൊതുജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍; കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കണം




കേരളത്തില്‍ ആധാറിന്‍റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:

കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 - 5 വയസ്)

നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക്‌സ് (വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാർ നല്‍കുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സർക്കാർ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കാൻ ശ്രദ്ധിക്കുക.

നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ (സെപ്റ്റംബർ 2026 വരെ സൗജന്യം)

കുട്ടികള്‍ക്ക് 5 വയസ്സിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്‍പോളകളുടെ രേഖ, ഫോട്ടോ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിർബന്ധിത പുതുക്കല്‍ സെപ്റ്റംബർ 2026 വരെ തികച്ചും സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാർ കാർഡുകള്‍ താല്‍ക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പുകള്‍, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്‌കൂള്‍/കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കർ, അപാര് (APAAR), പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ വിദ്യാർത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

മൊബൈല്‍ നമ്പർ, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യല്‍

വിവിധ സർക്കാർ വകുപ്പുകളുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ ആധാർ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണ്.

സംശയങ്ങള്‍ക്കും പരാതികള്‍ക്കും: സിറ്റിസണ്‍ കോള്‍ സെന്റർ: 1800-4251-1800 (ടോള്‍ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയില്‍: uidhelpdesk@kerala.gov.in.

Post a Comment

Previous Post Next Post