കോഴിക്കോട്: നാടിനെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ ഒടുവില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ നിന്ന് സാഹസികമായി 'തൂക്കി' പൊലീസ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ ത്രില്ലര്‍ ക്ലൈമാക്‌സിനൊടുവിലാണ് പത്താം ക്ലാസുകാരിയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ അവളുടെ രണ്ട് സുഹൃത്തുക്കളും പിടിയിലാകുന്നത്. ഒരു ഹോളിവുഡ് 'സര്‍വൈവല്‍ ത്രില്ലര്‍' സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള മാസ്സ് ആസൂത്രണങ്ങളാണ് ഈ കൗമാരപ്പട ഒളിച്ചോട്ടത്തിനായി നടത്തിയത്.
പൊലീസ് തങ്ങളെ സൈബര്‍ സെല്‍ വഴി പൊക്കാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും, യാത്രയ്ക്കുള്ള കാശിനായി ഒരു ഫോണ്‍ വില്‍ക്കുകയും ചെയ്തായിരുന്നു ഇവരുടെ ഗെയിം പ്ലാന്‍. വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസുകാരി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ക്ലാസ് തുടങ്ങിയിട്ടും കുട്ടി എത്താതിരുന്നതോടെ അധ്യാപകര്‍ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലില്‍ സ്‌കൂളിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം കണ്ടെത്തിയതോടെയാണ് എല്ലാവരും ഞെട്ടിയത്.
അന്വേഷണം മുറുകിയപ്പോഴാണ് ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെയും അവന്റെ ഉറ്റസുഹൃത്തായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും രണ്ട് സ്‌കൂട്ടറുകള്‍ സഹിതം കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. മൂവരും ഒപ്പമുണ്ടെന്ന കാര്യം ആദ്യം ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ സ്‌കൂളിന് സമീപത്തെ പറമ്പില്‍ ഇവരെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട ഒരു റബര്‍ ടാപ്പിങ് തൊഴിലാളി മൊബൈലില്‍ പകര്‍ത്തിയ ഒറ്റ ഫോട്ടോയാണ് കേസില്‍ ടേണിങ് പോയിന്റായത്. ഈ ചിത്രം സ്‌കൂള്‍ അധികൃതര്‍ തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കേവലം ഒരു സാധാരണ ഒളിച്ചോട്ടമായിരുന്നില്ല ഇത്. വനത്തില്‍ തങ്ങി ജീവിക്കാനുള്ള കടുത്ത പ്ലാനിങ്ങോടെയായിരുന്നു കുട്ടികളുടെ പുറപ്പാട്. യാത്രയ്ക്ക് പണം കണ്ടെത്താനായി ഗ്രൂപ്പിലെ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ വെച്ച് 10,000 രൂപയ്ക്ക് ഇവര്‍ വിറ്റു കാശാക്കി. സൈബര്‍ സെല്ലിന്റെ ട്രാക്കിങ് ഭയന്ന് മറ്റ് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്തു. ഈ കാശുകൊണ്ട് കാട്ടില്‍ തമ്പടിക്കാനായി ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവയും ഇവര്‍ വാങ്ങി കൂട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഇവര്‍ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പോയതായി വിവരം ലഭിച്ചു.
Tags:
latest