പേരാമ്പ്ര : നഗരമധ്യത്തിൽ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് സമീപം ചെമ്പ്ര റോഡിലേക്ക് കടക്കുന്ന ഭാഗത്ത് റോഡരികിലെ കുഴിയിൽവീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്ര കാരയിൽ വിജയനാണ് (71) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ ഇദ്ദേഹത്തെ ഇ.എം.എസ്. സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. തലകീഴായി കുഴിയിലേക്ക് വീഴുന്നതുകണ്ട ഉടനെ ഒരു ലോറിഡ്രൈവർ ഓടിയെത്തി ഷർട്ടിൽപിടിച്ച് ഉയർത്തിപ്പിടിക്കുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ അഗ്നിരക്ഷാസേനാംഗത്തിനും പരിക്കേറ്റു. ചളിവെള്ളമുള്ള കുഴിയിലേക്കാണ് വീണത്. ഒരുമീറ്റർ നീളവും രണ്ടാളുടെ താഴ്ചയുണ്ടായിരുന്നു. കുഴിക്കുള്ളിൽ കേബിളുകളും ഉണ്ടായിരുന്നു. ആശുപത്രി പരിസരമായതിനാൽ തിരക്കേറിയ സ്ഥലമാണിത്. കുഴിയുണ്ടെന്ന് അപായസൂചനയൊന്നും സ്ഥാപിച്ചിരുന്നില്ല. പെട്ടെന്ന് കണ്ടതിനാലാണ് രക്ഷപ്പെടുത്താനായത്. എത്രയുംപെട്ടെന്ന് കുഴി മൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.