* വീട്ട്മുറ്റത്ത് കാട്ടാനയെ കണ്ട ഞെട്ടലിൽ രാജനും കുടുംബവും
കൂരാച്ചുണ്ട് : കഴിഞ്ഞ ഒരു മാസത്തോളമായി പഞ്ചായത്ത് ഓട്ടപ്പാലം, മണ്ടോപ്പാറ, കല്ലാനോട് ഭാഗങ്ങളിൽ തുടർച്ചയായി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം കക്കയം ഭാഗത്തേക്ക് നീങ്ങിയതായി സൂചന. പെരുവണ്ണാമൂഴി റിസർവോയർ നീന്തി കടന്നായിരുന്നു കാട്ടാന ഓട്ടപ്പാലം ഭാഗത്തേക്ക് കടന്നിരുന്നത്. എന്നാൽ ഒരാഴ്ചയോളമായി കരയിലും, വെള്ളത്തിലും ഒരേ പോലെ വനംവകുപ്പ് പ്രതിരോധം തീർക്കാൻ തുടങ്ങിയതോടെ കാട്ടാന ശല്യം ഉണ്ടായിരുന്നില്ല. ഈ കാട്ടാനക്കൂട്ടമാണ് പുഴ കടന്ന് ഇക്കരെ ഭാഗത്തുള്ള കക്കയത്ത് എത്തുന്നതെന്നാണ് സൂചന. ചൊവ്വാഴ്ച പുലർച്ചെയാണ് കക്കയം മുപ്പതാം മൈൽ ഭാഗങ്ങളിൽ കാട്ടാന ആക്രമനണം ഉണ്ടായത്. പാറക്കൽ രാജന്റെ കൃഷിയിടത്തിലെ വാഴ, കവുങ്ങ്, തെങ്ങ്, പ്ലാവ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. മല്ലിക പാറക്കലിന്റെ കൃഷിയിടത്തിലെ വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പറമ്പിലെ കയ്യാലയും തകർത്തിട്ടുണ്ട്. പുലർച്ചെ എന്തോ ശബ്ദം കേട്ട് വീടിന് പുറത്ത് വന്ന് നോക്കിയപ്പോൾ രണ്ട് ആനകളെ കണ്ട ഞെട്ടലിലാണ് രാജനും കുടുംബവും. പ്രദേശവാസികൾ അറിയിച്ചതിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചും മറ്റും കാട്ടനയെ തുരത്തി