* ഇന്ന് ബഹുജനപങ്കാളിത്തത്തോടെ കാട് വെട്ടൽ
ഓട്ടപ്പാലത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിൽ വലിയ രീതിയിൽ കാട് വളർന്ന നിലയിൽ
കൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡ് ഓട്ടപ്പാലം മേഖലയിൽ കർഷകരുടെ ഉറക്കം കെടുത്തുന്ന കാട്ടാന ശല്യത്തിന് പ്രധാന കാരണം ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിലെ കാടാണെന്ന് കർഷകർ. വനംവകുപ്പിന്റെ റിസർവ് ഫോറസ്റ്റിലേക്ക് കയറാതെ ആനകൾ പലപ്പോഴും ഇറിഗേഷൻ റിസർവോയറിനും പരിസരത്തുമുള്ള കാട്ടിൽ താവളമടിക്കുകയാണ്. രാത്രിയിൽ ഈ കാട്ടിൽ നിന്ന് ഇറങ്ങി കൃഷിയിടം നശിപ്പിച്ച് പുലർച്ചെ തിരികെ കയറുന്നതാണ് പതിവ് രീതി. ഇവിടങ്ങളിൽ വന്യമൃഗങ്ങൾ ഉണ്ടെങ്കിൽ കാണാൻ പറ്റാത്ത രീതിയിലാണ് കാട് വളർന്നിരിക്കുന്നത്.ഈ പ്രശ്നം പരിഹരിക്കാൻ ഇറിഗേഷൻ സ്ഥലത്തെ കാടുകൾ ഉടൻ വെട്ടിമാറ്റണമെന്ന ആവശ്യമാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷിയോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന്.
കാട് വെട്ടിമാറ്റുന്നതോടെ റാപ്പിഡ് റെസ്പോൺസ് ഫോഴ്സിന് പെട്രോളിംഗ് നടത്താനും ആനകളെ നിരീക്ഷിക്കാനും എളുപ്പമാകുമെന്ന് യോഗം വിലയിരുത്തിയിരുന്നു . സർവ്വകക്ഷി യോഗ തീരുമാന പ്രകാരം ഞായറാഴ്ച രാവിലെ മുതൽ വിവിധ സന്നദ്ധ സംഘടനകളുടെയും സ് യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ജലസേചന വകുപ്പിന്റെ ഭൂമിയിലെ കാട് വെട്ടിമാറ്റാൻ തീരുമാനമെടുത്തിട്ടുണ്ട്. കെഎസ്ഇബി, ജലം, വനം, അഗ്നിരക്ഷാസേന അധികൃതരെ കൂടി പങ്കെടുപ്പിക്കാനും യോഗത്തിൽ ധാരണയായി.
ആനകളെ മയക്കു വെടിവെച്ച് പിടികൂടണം
പഞ്ചായത്തിലെ ഓട്ടപ്പാലത്ത് രണ്ടാഴ്ചയോളമായി കാട്ടാനക്കൂട്ടങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി ആ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആനകളെ മയക്കുവെടി വെച്ചു പിടികൂടണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പും പഞ്ചായത്തും ചേർന്ന് ബോട്ട് ഉൾപ്പെടെയുള്ള പെട്രോളിങ് നടത്തുന്നുണ്ടെങ്കിലും ആനകളെ വനത്തിലേക്കു തിരികെ കയറ്റാൻ സാധിക്കുന്നില്ല
ജനങ്ങൾ ഈ പ്രദേശത്തുനിന്നും മാറി താമസിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു. സി.എ.പുരുഷോത്തമൻ, ജോസ് ജോസഫ്, കുഞ്ഞബ്ദുള്ള ചാത്തോത്ത് , സുബ്രഹ്മണ്യൻ മഴുക്കുന്നേൽ, ഫോബി വട്ടച്ചിറ, ജയൻ കല്ലാനോട് എന്നിവർ സംസാരിച്ചു.