Trending

തുടരുന്ന പ്രതിഷേധം


തലയാട് / കോഴിക്കോട് : വന്യമൃഗ ആക്രമണങ്ങളിൽ സാധാരണക്കാരായ മനുഷ്യർ നിരന്തരം കൊല്ലപ്പെടുന്നതിനെതിരെ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) തലയാട് എൽ.എൽ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മോശം കാലാവസ്ഥയെയും കനത്ത മഴയെയും അവഗണിച്ചു കൊണ്ട് വൻ ജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കിഫ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം താഴെ തലയാട് ചുറ്റി ചീടിക്കുഴി ജംഗ്ഷനിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനത്തിൽ കിഫ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷെല്ലി ജോസ് തടത്തിൽ, കിഫ എൽ.എൽ.സി. പ്രസിഡന്റ് ജോണി പെരിഞ്ചല്ലൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ അഞ്ചു മനുഷ്യജീവനുകളാണ് വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ പൊലിഞ്ഞതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഏത് നിമിഷവും ജനവാസ മേഖലകളിൽ ആർക്കും വന്യജീവി ആക്രമണം നേരിടാം എന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. വന്യജീവി സംരക്ഷണ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും കിഫ സംസ്ഥാന കമ്മിറ്റി അംഗം ഷെല്ലി ജോസ് തടത്തിൽ ആവശ്യപ്പെട്ടു.

എല്ലാറ്റിനും ഉപരിയായി മനുഷ്യജീവന് മുഖ്യ പ്രാധാന്യം നൽകണമെന്നും വന്യമൃഗങ്ങൾക്ക് നൽകുന്ന അമിത പ്രാധാന്യം അവസാനിപ്പിച്ച് ജനങ്ങൾക്ക് ജീവിക്കാനുള്ള ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും കിഫ എൽ.എൽ.സി. പ്രസിഡന്റ് ജോണി പെരിഞ്ചല്ലൂർ ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടികൾക്ക് കിഫ ജില്ലാ കമ്മിറ്റി അംഗം സിബി എട്ടിയിൽ, എൽ.എൽ.സി. അംഗങ്ങളായ റൈജു കട്ടിക്കാന, വാസു തച്ചടത്ത്, ബാബു തെക്കയിൽ, ഷിബി ഇലവുങ്കൽ, അഭിലാഷ് തടത്തിൽ, മനോജ് കല്ലുള്ളതോട്, വിജയൻ ചെമ്പുംകര മാർട്ടിൻ ഇലവുങ്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post