* മോഷ്ടിച്ച സ്കൂട്ടർ പോലീസ് കണ്ടെടുത്തു
കൂരാച്ചുണ്ട് : 'തൂഫാൻ ഹണ്ട്' പരിശോധനയുടെ ഭാഗമായി പോലീസ് സംഘം എത്തിയപ്പോൾ ഒളിവിൽ കഴിയുകയായിരുന്ന എംഡിഎംഎ കേസിലെ പ്രതിയും കാമുകിയും ഓടി രക്ഷപ്പെട്ടു.
ബാലുശ്ശേരി ഏഴുകുളം സ്വദേശി അനന്തുവും കാമുകിയുമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് എംഡിഎംഎ കേസിൽ പിടികൂടിയപ്പോൾ ഇവർ ഓടി രക്ഷപ്പെട്ടിരുന്നു. ബാലുശ്ശേരി സ്റ്റേഷനിലും ഇവരുടെ പേരിൽ കേസുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൂരാച്ചുണ്ട് പോലീസും റൂറൽ എസ്.പിയുടെ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി പൂവ്വത്തുംചോലയിലുള്ള മറ്റൊരു എംഡിഎംഎ കേസ് പ്രതിയുടെ വീട്ടിൽ പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. ഇയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അനന്തുവും കാമുകിയും പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ എടുത്താണ് ഇവർ രക്ഷപ്പെട്ടത്. സ്കൂട്ടർ പിന്നീട് കൂട്ടാലിട പെട്രോൾ പമ്പ് പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സൂചന.
സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.