Trending

കോഴിക്കോട് വീണ്ടും നിപ; 43കാരന്‍റെ പരിശോധനാഫലം പോസിറ്റീവ്:**കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്രവ പരിശോധനയിലാണ് സ്ഥിരീകരിച്ചത്





കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്രവ പരിശോധനയിൽ ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയെ ഉടന്‍ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 

രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് പി.സി.ആർ പരിശോധനക്കായി രോഗിയുടെ സ്രവം അയച്ചത്. കൂടുതൽ വ്യക്തതക്കായി സാമ്പിൾ പുണ വൈറോളജി ലാബിലേക്ക് അയക്കും. അവിടെ നിന്നുള്ള ഫലം വ്യാഴാഴ്ച വൈകീട്ടോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധയുണ്ടായത്. 


രോഗബാധിതന്‍റെ കുടുംബത്തോട് ക്വാറന്‍റീനിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി തിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യ വിഭാഗത്തിന്‍റെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.


എന്താണ് നിപ വൈറസ്..?

പ്രധാനമായും വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ അവയുടെ വിസർജ്യങ്ങളിൽനിന്നോ പകരുന്ന ജന്തുജന്യ വൈറസ് രോഗമാണ് നിപ. പനി, ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് തുടക്കത്തിൽ പ്രകടമാകുന്ന രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം, മാനസിക വിഭ്രാന്തി എന്നിവയും ഉണ്ടായേക്കാം. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് പകരാൻ സാധ്യത കൂടുതലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ.

വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയുമാണ് രോഗം അതിവേഗം പടരുക. രോഗ ബാധയുള്ള വളർത്തു മൃഗങ്ങളിൽനിന്നും മനുഷ്യർക്ക് രോഗം വരാവുന്നതാണ്. രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റു വ്യക്തികളിലേക്കു രോഗം പകരാം. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്.

Post a Comment

Previous Post Next Post