Trending

സമാധാന ഉറപ്പില്‍ സ്വര്‍ണമുന്നേറ്റം, കേരളത്തില്‍ 1,800 രൂപയുടെ വര്‍ധന, പൊന്നിന്‍ കുതിപ്പ് ഇനി എങ്ങോട്ട്, നിക്ഷേപകരെ ആശങ്കയിലാക്കി ഒരു വമ്പന്‍ പ്രവചനം.


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 225 രൂപ വര്‍ധിച്ച്‌ 13,890 രൂപയായി. പവന്‍ വില 1,800 രൂപ വര്‍ധിച്ച്‌ 1,11,120 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 185 രൂപ വര്‍ധിച്ച്‌ 11,415 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,890 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,730 രൂപയുമാണ് വില. വെള്ളി വിലിയിലും വര്‍ധിനയുണ്ട്. ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 265 രൂപയായി.

മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ പ്രാഥമിക സമാധാന ധാരണയിലെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയിലും ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയിലും സ്വര്‍ണ, വെള്ളി വിലകള്‍ കുതിക്കുകയായിരുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണവില 10 ഗ്രാമിന് 1.53 ലക്ഷം രൂപയ്ക്ക് മുകളിലെത്തി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,322.87 ഡോളര്‍ എന്ന നിരക്കിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 2.5 ശതമാനം ഉയര്‍ന്ന് 4,344.80 ഡോളറായി.

ആഗോള വെള്ളിവില 3.6 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 70.39 ഡോളറിലെത്തി.

വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍:

1. യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍: ഫെബ്രുവരി മുതല്‍ മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാനും, ഇറാനെതിരെയുള്ള യുഎസ് ഉപരോധം പിന്‍വലിക്കാനും, ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ജൂണ്‍ 19ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച്‌ കരാര്‍ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

2. അസംസ്‌കൃത എണ്ണവിലയിലെ ഇടിവ്: സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ക്രൂഡ് ഓയില്‍ വില 4 ശതമാനത്തിലധികം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 84 ഡോളറിലേക്കും യുഎസ് ഡബ്ല്യുടിഐ (WTI) 80 ഡോളറിലേക്കും താഴ്ന്നു.

3. പണപ്പെരുപ്പ ഭീഷണിയും പലിശനിരക്കും: യുദ്ധം മൂലം എണ്ണവില കുതിച്ചുയര്‍ന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി വര്‍ധിപ്പിക്കുകയും കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുമെന്ന ആശങ്ക ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് മുന്‍ ആഴ്ചകളില്‍ പലിശയിതര നിക്ഷേപമായ സ്വര്‍ണത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു (ഫെബ്രുവരിക്ക് ശേഷം സ്വര്‍ണവിലയില്‍ ഏകദേശം 20% ഇടിവ് രേഖപ്പെടുത്തിയിരുന്നു). എന്നാല്‍ എണ്ണവില കുറഞ്ഞതോടെ പണപ്പെരുപ്പ ഭീതി ഒഴിയുകയും, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കില്ലെന്ന സൂചനകള്‍ ശക്തമാകുകയും ചെയ്തത് സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.

4. ഡോളറിന്റെ മൂല്യത്തകര്‍ച്ച: സമാധാന പ്രഖ്യാപനത്തോടെ ആഗോള രാഷ്ട്രീയമേഖലകളില്‍ റിസ്‌ക് കുറഞ്ഞത് യുഎസ് ഡോളര്‍ സൂചികയില്‍ ഇടിവുണ്ടാക്കി. ഡോളര്‍ 10 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണത് മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ലാഭകരമാക്കി.

എണ്ണവിലയിലെ ഇടിവും ഡോളറിന്റെ മൂല്യത്തകര്‍ച്ചയുമാണ് നിലവില്‍ സ്വര്‍ണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ മുന്നേറ്റം എത്രത്തോളം നീണ്ടുനില്‍ക്കും എന്നത് സമാധാനക്കരാറിന്റെ സുസ്ഥിരതയെ ആശ്രയിച്ചിരിക്കും.

കുതിച്ചുയരാന്‍ പൊന്ന്; വില 6,000 ഡോളറിലേക്കോ?

സ്വര്‍ണവിപണിയെ ഞെട്ടിക്കുന്ന പ്രവചനവുമായാണ് ആഗോള ബാങ്കിംഗ് ഭീമന്മാരായ ജെപി മോര്‍ഗന്‍ എത്തിയിരിക്കുന്നത്. 2026 ഒക്ടോബര്‍-ഡിസംബര്‍ പാദത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 6,000 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് കുതിച്ചേക്കാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,327 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇതില്‍ നിന്നും വന്‍ മുന്നേറ്റമാണ് വരും മാസങ്ങളില്‍ പ്രവചിക്കപ്പെടുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ 5,595.46 ഡോളറാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രമുഖ രാജ്യങ്ങളുടെ ധനനയങ്ങളുമാണ് സ്വര്‍ണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നത്. എന്നാല്‍ ഈ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തി ചൈനയാണെന്ന് ജെപി മോര്‍ഗന്‍ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2026-ന്റെ ആദ്യ പാദത്തില്‍ ചൈന 317 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളമാണ് ഈ വര്‍ധന. ഫെബ്രുവരി വരെ പ്രതിമാസം ശരാശരി ഒരു ടണ്‍ വാങ്ങിയിരുന്ന സ്ഥാനത്ത് മാര്‍ച്ചില്‍ അഞ്ച് ടണ്ണായും ഏപ്രിലില്‍ എട്ട് ടണ്ണായും അവര്‍ വാങ്ങല്‍ വര്‍ധിപ്പിച്ചു.

Post a Comment

Previous Post Next Post