* വി.ടി.സൂരജ് MLA യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ യോഗം; റാപ്പിഡ് ഫോഴ്സിനെ ഇറക്കാൻ തീരുമാനം
കൂരാച്ചുണ്ട്: കാട്ടാനയാക്രമണം രൂക്ഷമായി തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. ബാലുശ്ശേരി MLA വി.ടി. സൂരജിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് പ്രധാന തീരുമാനങ്ങൾ എടുത്തത്.
കൃഷിയിടങ്ങൾക്ക് സമീപം പ്രശ്നക്കാരായ ആനകൾ തുടർച്ചയായി നിൽക്കുന്ന സാഹചര്യത്തിൽ ആനകളെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ സഹായം തേടാനും, ആനയുടെ സാന്നിധ്യം കണ്ടെത്താൻ ഡ്രോൺ സംവിധാനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.
*16 കി.മീ സോളാർ വേലി*
പ്രദേശത്ത് അനുമതി ലഭിച്ച 16 കിലോമീറ്റർ നീളത്തിലുള്ള സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കും. റിസർവോയർ വഴി മുമ്പ് നടന്നിരുന്ന ബോട്ട് പട്രോളിംഗ് സംവിധാനം പുനഃസ്ഥാപിക്കാനും, ഗതാഗതയോഗ്യമല്ലാത്ത ഇറിഗേഷൻ റോഡ് പുനർനിർമ്മിച്ച് റാപ്പിഡ് ഫോഴ്സിന് പട്രോളിംഗ് സൗകര്യമൊരുക്കാനും തീരുമാനമായി. വന്യമൃഗ സാന്നിധ്യമുള്ള മേഖലകളിലെ ഇലക്ട്രിക് പോസ്റ്റുകളിൽ KSEB യുടെ സഹകരണത്തോടെ ലൈറ്റുകൾ സ്ഥാപിക്കും.
*നാട്ടുകാരുടെ ആവശ്യങ്ങൾ*
യോഗത്തിൽ കർഷകരും നാട്ടുകാരും മുന്നോട്ടുവെച്ച ആവശ്യങ്ങളും അംഗീകരിച്ചു. ഓട്ടപ്പാലം ഭാഗത്ത് തൂക്ക് വേലി പൂർത്തിയാക്കൽ, ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം തടയാൻ പ്രായോഗിക നടപടി, കാട്ടുപന്നി-മയിൽ ശല്യത്തിന് പരിഹാരം, വാച്ചർമാരുടെ ജോലി പരിശോധന, ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ തെരുവ് വിളക്ക്, ഇറിഗേഷൻ സ്ഥലത്തെ കാടുകൾ വെട്ടിമാറ്റൽ എന്നിവ ഉൾപ്പെടുന്നു.
യോഗത്തിൽ വി.ടി. സൂരജ് MLA അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി റേഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, ഇറിഗേഷൻ എഞ്ചിനിയർ റെജീഷ്, ഡെപ്യൂട്ടി തഹസിൽദാർ സി.കെ. മൊയ്തീൻ, KSEB സബ് എഞ്ചിനിയർ റജില, സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:
latest local