Trending

15 മിനിറ്റ് 45 മിനിറ്റ് വരെയായി, നേരത്തെ അറിയിച്ചതുപോലുമില്ല; കടുത്ത വൈദ്യുതിനിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്താകെ കെ.എസ്.ഇ.ബി. കടുത്ത വൈദ്യുതിനിയന്ത്രണമേർപ്പെടുത്തി. 15 മിനിറ്റുവീതം നിയന്ത്രിക്കേണ്ടിവരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പല തവണയായി മുക്കാൽമണിക്കൂറോളം മിക്കസ്ഥലത്തും വൈദ്യുതി നിയന്ത്രിക്കുന്നുണ്ട്. നേരത്തേ അറിയിച്ചതുപോലെ വൈകീട്ട് ആറുമുതൽ 12 വരെമാത്രമല്ല, അതിനുമുൻപും ശേഷവും ഉൾപ്പെടെ മൂന്നും നാലുംതവണ വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെയും ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിനിടെയും വൈദ്യുതി മുടങ്ങുന്നതിനാൽ കെ.എസ്.ഇ.ബി. ജീവനക്കാരും വലിയ ജനരോഷം നേരിടേണ്ടിവരുന്നു.

വൈദ്യുതിലഭ്യതയിൽ വലിയ കുറവുള്ളതിനാൽ ചൊവ്വാഴ്ചവരെ ഇതേരീതിയിൽ നിയന്ത്രണം തുടരും. ബുധനാഴ്ച മുതൽ 150 മെഗാവാട്ട് അധികമായി വാങ്ങുന്നുണ്ട്. ഇതോടെ വ്യാപകമായ നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, മഴ കുറഞ്ഞാൽ നിയന്ത്രണം തുടരേണ്ടിവരും.

റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി. നൽകിയ റിപ്പോർട്ട് പ്രകാരം 25-ന് 198 മെഗാവാട്ടിന്റെ ആവശ്യകതയാണ് നിയന്ത്രണത്തിലൂടെ കുറച്ചത്. 26-ന് പലസമയത്തായി 158 മുതൽ 387 മെഗാവാട്ടിന്റെവരെ ആവശ്യകത ഒഴിവാക്കി. ശനിയാഴ്ച 514 മുതൽ 622 മെഗാവാട്ടുവരെയാണ് നിയന്ത്രിച്ചത്. ശനിയാഴ്ച പല സ്ഥലത്തും ഒരേസമയം വൈദ്യുതി മുടങ്ങിയിരുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശരാശരി 17 ശതമാനമേ വെള്ളമുള്ളൂ എന്നതും പ്രശ്നമാണ്. വൈദ്യുതി ഉത്പാദനം മൂന്നിലൊന്നായി. കഴിഞ്ഞവർഷം ഇതേസമയം 40 ശതമാനത്തിലധികമുണ്ടായിരുന്നു. പകൽ പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെങ്കിലും മൺസൂൺ വടക്കേയിന്ത്യയിൽ വ്യാപിച്ചാലേ, രാത്രികാല ആവശ്യത്തിന് കേരളത്തിന് വൈദ്യുതി വാങ്ങാൻ കിട്ടൂ. ജൂണിൽ കെ.എസ്.ഇ.ബി. വാങ്ങാൻ ശ്രമിച്ചിട്ടും വൈദ്യുതി കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.


Post a Comment

Previous Post Next Post