അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ റസീന യൂസഫിന്റെ നേതൃത്വത്തിൽ കരകൗശല വിദഗ്ദ്ധൻ തോട്ടാനത്ത് ഗോപാലകൃഷ്ണനെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ ഉദ്ഘാടനം ചെയ്തു. റസീന യൂസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി മുഖ്യാതിഥിയായിരുന്നു.
70 വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ വൈക്കത്തുനിന്ന് കൂരാച്ചുണ്ടിലേക്ക് കുടിയേറിയതാണ് 77കാരനായ ഗോപാലകൃഷ്ണന്റെ കുടുംബം. ഇരുപത് വയസ് മുതൽ ആശാരിപ്പണി ചെയ്തുതുടങ്ങി. വീടുപണിക്ക് ആവശ്യമായ കട്ടില, വാതിൽ, ജനൽ എന്നിവയായിരുന്നു ആദ്യകാലത്ത് ഉണ്ടാക്കിയിരുന്നത്. പിന്നീട് ദീർഘകാലം ഫർണീച്ചർ നിർമാണത്തിലായിരുന്നു ശ്രദ്ധ.
20 വർഷം മുൻപാണ് കരകൗശല നിർമാണം ആരംഭിച്ചത്. ചിരട്ട, തടി എന്നിവക്കൊണ്ടുള്ള നിരവധി ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നു. കുടുംബം നൽകുന്ന ഉറച്ച പിന്തുണയാണ് കരകൗശല നിർമാണ മേഖലയിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്ക് പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യ: വിമല. മക്കൾ: സൗമ്യ, സൗഭാഗ്യ, ജയപ്രകാശ്
ആദരിക്കൽ ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ഹമീദ്, UDYF ചെയർമാൻ സന്ദീപ് കളപ്പുരക്കൽ, യൂസഫ് കോമചാടത്ത്, സാറ പുതിയവളപ്പിൽ എന്നിവർ സംസാരിച്ചു.