സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിച്ചുവരികയാണ്. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തുവരുന്നതിനാൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മലിന ജലത്തിൽനിന്നുള്ള രോഗാണുക്കൾ തലച്ചോറിലെത്തിയാണു രോഗബാധയുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ പ്രവേശിക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഓക്കാനം, ഛർദി, അപസ്മാരം, ബോധനഷ്ടം, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് /വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് പരസ്പര ബന്ധമില്ലാത്ത സംസാരം, ബോധക്ഷയം, തുടങ്ങിയവയും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. മരുന്നു കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.
ശ്രദ്ധിക്കേണ്ടവ
∙ മലിന ജലാശയങ്ങളിൽ രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാം. അതിനാൽ മലിനജലത്തിലെ കുളിയും നീന്തലും ഒഴിവാക്കണം
∙ അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്
∙ നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം.
∙ ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം
Tags:
latest