കോവിഡിന്റെയും മറ്റ് ആഗോള പകർച്ചവ്യാധികളുടെയും ആഘാതത്തിൽ നിന്ന് ലോകം പൂർണമായി മുക്തമാകും മുൻപേ, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വീണ്ടുമൊരു രോഗഭീതിയുടെ വാർത്തയെത്തുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും അതിവേഗം പടരുന്ന എബോള വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ‘പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷനൽ കൺസേൻ (പിഎച്ച്ഇസിസി) പ്രഖ്യാപിച്ചിരിക്കുന്നു. നിലവിലെ സാഹചര്യം ഒരു 'ആഗോള മഹാമാരി' ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെങ്കിലും, മരണനിരക്ക് ഉയരുന്നതും ഫലപ്രദമായ വാക്സീനുകളുടെ അഭാവവും ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.
കിഴക്കൻ ആഫ്രിക്കൻ അതിർത്തികൾ കടന്ന് രോഗം പടരുമ്പോൾ, അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ പ്രതിരോധ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. എന്താണ് ഈ പുതിയ എബോള തരംഗത്തിന് പിന്നിൽ? എന്തുകൊണ്ട് ലോകം ഇതിനെ ഇത്രമേൽ ഭയപ്പെടുന്നു?
വില്ലനായത് 'ബുണ്ടിബുഗ്യോ' വൈറസ് സ്ട്രെയിൻ
എബോള രോഗത്തിന് കാരണമാകുന്ന 'ഓർത്തോഎബോള' വൈറസ് കുടുംബത്തിലെ 'ബുണ്ടിബുഗ്യോ' എന്ന വകഭേദമാണ് നിലവിലെ ഈ മാരകമായ വ്യാപനത്തിന് പിന്നിൽ. എബോളയ്ക്ക് കാരണമാകുന്ന ആറ് അറിയപ്പെടുന്ന വൈറസ് സ്പീഷിസുകളുണ്ട്. എന്നാൽ അവയിൽ മൂന്നെണ്ണമാണ് സാധാരണയായി വലിയ പകർച്ചവ്യാധികൾക്ക് കാരണമാകുന്നത്: എബോള വൈറസ് (സയർ സ്ട്രെയിൻ), സുഡാൻ വൈറസ്, പിന്നെ ഇപ്പോൾ പടരുന്ന ബുണ്ടിബുഗ്യോ വൈറസ്.
ബുണ്ടിബുഗ്യോ വകഭേദം ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2007-2008 കാലഘട്ടത്തിൽ ഉഗാണ്ടയിലും, 2012-ൽ കോംഗോയിലുമാണ് ഇതിനുമുൻപ് ഈ വകഭേദം കണ്ടെത്തിയത്. ഈ സ്ട്രെയിനിന്റെ പ്രത്യേകത ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സീനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല എന്നതാണ്. മുൻപ് വലിയ നാശം വിതച്ച സയർ (Zaire) സ്ട്രെയിനെ പ്രതിരോധിക്കാൻ വാക്സീനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ബുണ്ടിബുഗ്യോയ്ക്ക് മുന്നിൽ വൈദ്യശാസ്ത്രം ഇപ്പോൾ പ്രതിരോധരഹിതമാണ്.
∙ രോഗലക്ഷണങ്ങളും തീവ്രതയും, ഇത് എത്രത്തോളം മാരകമാണ്?
എബോള വൈറസ് മനുഷ്യശരീരത്തിൽ എത്തിയാൽ അത് കോശങ്ങളെ അതിവേഗം നശിപ്പിക്കാൻ തുടങ്ങും. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നതനുസരിച്ച് പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
1. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തളർച്ച.
2. പേശി വേദന, കടുത്ത തലവേദന, തൊണ്ടവേദന.
3. രോഗം മൂർച്ഛിക്കുന്നതോടെ ഛർദ്ദി, വയറിളക്കം, കടുത്ത വയറുവേദന
4. അവസാന ഘട്ടത്തിൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽ നിന്നും ബാഹ്യമായും (കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ) രക്തസ്രാവം ഉണ്ടാകുന്നു
ചരിത്രത്തിൽ എബോള ബാധിച്ചവരിലെ മരണനിരക്ക് 25% മുതൽ 90% വരെയായിരുന്നു. ശരാശരി മരണനിരക്ക് 50 ശതമാനമാണ്. എന്നാൽ നിലവിലെ ബുണ്ടിബുഗ്യോ സ്ട്രെയിൻ മൂലമുള്ള മരണനിരക്ക് 25% മുതൽ 40% വരെ ആണെന്നാണ് രോഗം ബാധിച്ച പ്രദേശത്ത് സേവനം ചെയ്യുന്ന ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ വ്യക്തമാക്കുന്നത്.
‘വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. രോഗം ഇതിനകം തന്നെ ആരോഗ്യ മേഖലകൾ കടന്ന് അയൽരാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു,’ - ട്രിഷ് ന്യൂപോർട്ട് (എംഎസ്എഫ് എമർജൻസി പ്രോഗ്രാം മാനേജർ) പറഞ്ഞു.
∙ എങ്ങനെയാണ് രോഗം പടരുന്നത്?
ഒരു ആശ്വാസകരമായ കാര്യം, എബോള കോവിഡിനെപ്പോലെ വായുവിലൂടെ പടരുന്ന ഒരു രോഗമല്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇതിനെ 'അതിവേഗം പടരുന്ന' രോഗമായി കണക്കാക്കാനാവില്ല. എന്നാൽ, ഇത് 'അത്യധികം അപകടകരമായ പകർച്ചവ്യാധി' ആണ്. കാരണം, ഈ വൈറസിന്റെ വളരെ ചെറിയൊരു അംശം പോലും ശരീരത്തിലെത്തിയാൽ മരണം വരെ സംഭവിക്കാം.
രോഗബാധിതനായ ഒരു വ്യക്തിയുടെ രക്തം, തുപ്പൽ, വിയർപ്പ്, മൂത്രം, ഛർദ്ദിൽ തുടങ്ങി ശാരീരിക ദ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് രോഗം പടരുന്നത്. രോഗം ബാധിച്ച് മരിച്ച വ്യക്തികളുടെ മൃതദേഹങ്ങളിൽ നിന്നോ, വൈറസ് പടർന്ന വസ്ത്രങ്ങൾ, കിടക്കകൾ എന്നിവയിലൂടെയോ രോഗം മറ്റുള്ളവരിലേക്ക് പകരാം. ലബോറട്ടറി പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഒരൊറ്റ എബോള വൈറസിന് പോലും ഒരു ജീവനെടുക്കാൻ സാധിക്കുമെന്നാണ്.
എത്തിക്കാൻ യൂറോപ്യൻ യൂനിയൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ആഫ്രിക്ക സിഡിസിക്ക് എല്ലാവിധ സാങ്കേതിക സഹായങ്ങളും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
3. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അടിയന്തരാവസ്ഥ: ആഫ്രിക്ക സിഡിസി ഈ രോഗബാധയെ 'പിഎച്ച്ഇസിഎസ്’ ആയി പ്രഖ്യാപിച്ചു. ഇത് ആഫ്രിക്കൻ രാജ്യങ്ങൾക്കിടയിൽ അതിവേഗത്തിലുള്ള ഏകോപനത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും വഴിതുറക്കും.
പ്രതിവിധിയില്ലാത്ത രോഗം: വെല്ലുവിളികൾ എന്തെല്ലാം?
ഇപ്പോഴത്തെ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് ബുണ്ടിബുഗ്യോ വൈറസിനെതിരെ പോരാടാൻ ഫലപ്രദമായ മരുന്നുകളോ വാക്സീനുകളോ നിലവിലില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് നൽകുന്ന സപ്പോർട്ടീവ് കെയർ (നിർജലീകരണം തടയാൻ ഒആർഎസ് നൽകുക, രക്തസമ്മർദം നിലനിർത്തുക, മറ്റ് അണുബാധകൾ തടയുക) മാത്രമാണ് ഇപ്പോൾ നൽകാൻ സാധിക്കുന്നത്.
എന്നാൽ, മുൻകാല അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അടിയന്തര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ യഥാർഥ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണെന്നും, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വലിയൊരു ദുരന്തം പുകയുന്നുണ്ടാകാമെന്നുമാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
മാറുന്ന ആഗോള സാഹചര്യങ്ങളിൽ ഒരു പ്രദേശത്തുണ്ടാകുന്ന പകർച്ചവ്യാധി അവിടെ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് കോവിഡിന്റെ അനുഭവം നമ്മെ പഠിപ്പിച്ചതാണ്. കോംഗോയിലെയും ഉഗാണ്ടയിലെയും അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഈ വൈറസ് വിമാനമാർഗം ലോകത്തിന്റെ മറ്റ് കോണുകളിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം മതി. അതുകൊണ്ടുതന്നെ, ആഫ്രിക്കയിലെ ഈ എബോള തരംഗം കേവലം ആഫ്രിക്കക്കാരുടെ മാത്രം പ്രശ്നമല്ല, മറിച്ച് ലോകം ഒന്നടങ്കം നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ്
Tags:
latest