Trending

വരുന്നു, കെ.എസ്.ആർ.ടി.സി.യുടെ അന്താരാഷ്ട്ര ടൂർ പാക്കേജ്



ബസിലുള്ള വിനോദയാത്രകൾക്കു പിന്നാലെ കെ.എസ്.ആർ.ടി.സി. തീവണ്ടിയിലും വിമാനത്തിലും കപ്പലിലും കയറിയുള്ള ടൂർ പാക്കേജിലേക്കും കടക്കുന്നു. 2021-ൽ തുടങ്ങിയ കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസം പാക്കേജിലെ വരുമാനപ്പട്ടിക ഓരോ വർഷവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുടനീളവും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിലേക്കും വിനോദസഞ്ചാരികളെയെത്തിക്കാൻ കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നത്

സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാകുമ്പോഴുണ്ടാകുന്ന വരുമാന ഇടിവിന് ബദലാവുകയാണ് കെ.എസ്.ആർ.ടി.സി. യുടെ ടൂർ പാക്കേജ്. അടുത്തുതന്നെ ലക്ഷദ്വീപിലേക്കുള്ള യാത്രയും തുടങ്ങും. കപ്പലിലും വിമാനത്തിലും രണ്ടുമാർഗം വഴിയും ലക്ഷദ്വീപിലേക്കെത്തുന്ന പാക്കേജുകളുണ്ടാകും. തമിഴ്‌നാട്ടിലേക്കും ഹൈദരാബാദിലേക്കുമുള്ള പാക്കേജ് ജൂണിൽ തുടങ്ങും. പിന്നാലെ കശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ യാത്രയും തുടങ്ങും. ഈ വർഷംതന്നെ അഖിലേന്ത്യാ ടൂർ പാക്കേജ് നടപ്പാക്കാനാണ് തീരുമാനം.

കഴിഞ്ഞവർഷം ബജറ്റ് ടൂറിസംവഴി കെ.എസ്.ആർ.ടി.സി. നേടിയത് 42 കോടി രൂപയാണ്. ഈ വർഷം മേയ് 17 വരെ 23 കോടി രൂപയും. അഞ്ചുമാസമാകും മുൻപേ കഴിഞ്ഞവർഷത്തിന്റെ പാതിയിലേറെയായി വരുമാനം. ജനുവരി മുതൽ മേയ് 17 വരെ കഴിഞ്ഞവർഷം കിട്ടിയത് 16 കോടി രൂപയായിരുന്നു. ഗോവ, ഗവി, മൂന്നാർ, വയനാട്, കൊച്ചി കപ്പൽശാല എന്നിവിടങ്ങളിലേക്കുള്ള യാത്രയിലാണ് വരുമാനം ഗണ്യമായി കൂടിയത്.

സ്ത്രീകൾക്ക് സൗജന്യയാത്ര: ടൂർ പാക്കേജ് ബുക്കിങ്ങിലും കുറവ്

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ചിലരെങ്കിലും ടൂർ പാക്കേജ് ബുക്കിങ്ങിൽനിന്ന് പിന്മാറുന്നുണ്ട്. ഈ മാസം അവസാന ആഴ്ചയിൽ നടക്കേണ്ട പല യാത്രകൾക്കും സീറ്റുകൾ ബാക്കിയാണ്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ എൺപതിടത്തുനിന്ന്‌ ടൂർ പാക്കേജ് ഉണ്ട്. വോൾവോ, ഡീലക്സ് ബസുകളും അതതിടത്തെ ചെറിയ ഡെസ്റ്റിനേഷനാണെങ്കിൽ ഫാസ്റ്റ് പാസഞ്ചർ തലത്തിലുള്ള ബസുകളുമാണ് ഉപയോഗിക്കുന്നത്. ഓരോ യാത്രയ്ക്കും പ്രത്യേക ഇൻഷുറൻസുമുണ്ട്.

അതിനാൽ, ഒരാഴ്ച മുൻപേ ബുക്കിങ് പൂർത്തിയായാലേ നടപടിക്രമങ്ങൾ എളുപ്പമാകൂ. കഴിഞ്ഞവർഷം ഇതേസമയം പത്തുദിവസം മുൻപേ ബുക്കിങ് പൂർണമായിടത്ത് ഇക്കുറി 50 ശതമാനത്തോളം ബുക്കിങ് മാത്രമേ നടന്നിട്ടുള്ളൂ.


Post a Comment

Previous Post Next Post