കോടാമ്പുഴ: ഒടുവിൽ ഉമ്മയുടെ സ്‌നേഹത്തണലിലേക്ക് അബ്ദുൽ റഹീം പറന്നിറങ്ങി. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോടമ്പുഴയിലെ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞിരുന്നില്ല റഹീമിന്. നിറകണ്ണുകളോടെ, ആരവത്തോടെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും റഹീമിനെ നാടിന്റെ സ്‌നേഹത്തിലേക്ക് വിളിച്ചിറക്കി. ഉമ്മയെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ റഹീമിനെ കവിളിലൊരുമ്മ നൽകിയാണ് പാത്തുമ്മ സ്വീകരിച്ചത്.
സൗദി സമയം ബുധനാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിലാണ് റഹീം നാട്ടിലെത്തിയത്. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 7.35-ഓടെ അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തലെത്തി.
രാവിലെ 8 മണിയോടെയാണ് റഹീം വിമാനത്താവളത്തിൽനിന്നും പുറത്തുവന്നത്. സുഹൃത്തുക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരുമടക്കം വലിയൊരു സംഘം തന്നെ പുറത്ത് തടിച്ചുകൂടിയിരുന്നു. നിറകണ്ണുകളോടെ എല്ലാവരോടും നന്ദി പറഞ്ഞ് റഹീം വീട്ടിലേക്ക് തിരിച്ചു. വീട്ടിലും റഹീമിനെ കാണാൻ വലിയ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. എല്ലാവരോടും കൈവീശിയും നന്ദി പറഞ്ഞും റഹീം ആ കുഞ്ഞുവീടിനുള്ളിൽ കടന്നു.
ബന്ധുക്കളെയും കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്തു. ഒടുവിൽ ഉമ്മയുടെ അടുത്തേക്ക്.. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയ എല്ലാവരോടും, 'മകൻ ഈ വീട്ടിലെത്തി, ഉമ്മാ എന്ന് വിളിച്ചാൽ മാത്രമേ ഇനി നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കൂ, എന്നായിരുന്നു ആ ഉമ്മ പറഞ്ഞത്. നിയമക്കുരുക്കുകളെല്ലാം അഴിഞ്ഞെന്നും, സൗദി അധികൃതർ ഉത്തരവിൽ ഒപ്പുവെച്ചുവെന്നും എത്രയൊക്കെ പറഞ്ഞിട്ടും അവർക്കത് വിശ്വസിക്കുവാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ, മകന്റെ നെഞ്ചിൽ ചേർന്നുനിന്ന് ഈ ഉമ്മ എല്ലാവരോടും നന്ദി പറഞ്ഞു. വീടിനുമുന്നിൽ ഒരുക്കിയ ചെറിയ പന്തലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അബ്ദുൽ റഹീം പറഞ്ഞു, 'പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്.. അതുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല. റിയാദ് എംബസിയിലെ മലയാളികൾ, നാട്ടുകാർ, സുഹൃത്തുക്കൾ, എല്ലാ ലോക മലയാളികൾക്കും വളരെ വളരെ നന്ദി.'
2006-ലാണ് ഡ്രൈവർ ജോലിക്കായി റഹീം സൗദിയിലേക്ക് പോയത്. ഡിസംബർ 26-നാണ് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനപൂർവമല്ലാത്ത കൈപ്പിഴയായിരുന്നുവെങ്കിലും കോടതി റഹീമിന് വധശിക്ഷ വിധിച്ചു. ക്രൂരമായ കൊലപാതകമെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, കുടുംബത്തോട് വ്യക്തിവൈരാഗ്യമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും, അബദ്ധത്തിൽ സംഭവിച്ചുപോയ അപകടമാണെന്നും കരഞ്ഞുപറഞ്ഞിട്ടും കോടതി അതൊന്നും ചെവിക്കൊണ്ടില്ല. വിചാരണയ്‌ക്കൊടുവിൽ റിയാദിലെ കോടതി അബ്ദുൽ റഹീമിന് വധിശിക്ഷ വിധിച്ച് ജയിലിലടച്ചു. 26 വയസായിരുന്നു അന്ന് റഹീമിന് പ്രായം.
ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദയാധനമായി നൽകിയതോടെ, 2024 ജൂലായ് രണ്ടിന് റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. എന്നാൽ സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് റിയാദിലെ ക്രിമിനൽ കോടതി വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായത്.
ആകെ 47,87,65,347 രൂപയാണ് സമാഹരിച്ചത്. ഇതിൽ 36,27,34,927 രൂപ ഇതുവരെ ചെലവായി. റഹീം സഹായ സമിതിയാണ് കേസ് നടത്തിയത്. ഒസാമ അൽ അംബർ ആയിരുന്നു റഹീമിന്റെ അഭിഭാഷകൻ. സിദ്ദിഖ് തുവ്വൂർ- റഹീമിന്റെ പവർ ഓഫ് അറ്റോർണിയും.
Tags:
latest