നിര്യാതനായി
കൂരാച്ചുണ്ട്: മാങ്ങ പറിക്കുന്നതിനിടെ 11 കെ.വി ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് കൂരാച്ചുണ്ട് വട്ടച്ചിറ പിണക്കാട്ട് വീട്ടിൽ ബിജോ ജോർജ് (50) ആണ് മരണപ്പെട്ടത്. ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.
വട്ടച്ചിറയിലുള്ള തൊട്ടടുത്ത ബന്ധുവീട്ടിലെ പറമ്പിൽ വെച്ച് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി അബദ്ധത്തിൽ സമീപത്തു കൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ബിജോയെ ഉടൻ തന്നെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി പേരാമ്പ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകനാണ്. സിസി ആണ് ഭാര്യ. മക്കൾ: ഇവാൻസ്, ഇവ്‌ലിൻ.
മൃതദേഹം ഇപ്പോൾ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പേരാമ്പ്ര പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം പിന്നീട് നടക്കും. ബിജോയുടെ അപ്രതീക്ഷിത വിയോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമം ഒന്നടങ്കം കനത്ത ആഘാതത്തിലാണ്
