മഴക്കാല രോഗങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്ത്, സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ സംയുക്തമായി നടത്തുന്ന ഊർജിത ഉറവിട നശീകരണ ക്യാമ്പയിൻ വിജയകരമായി മുന്നോട്ട്. ഒരു ദിനം, ഒരു വാർഡ് എന്ന പേരിലുള്ള ക്യാമ്പയിൻ പത്താം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ വീടുകൾ സന്ദർശിച്ച് മഴക്കാല രോഗപ്രതിരോധത്തെപ്പറ്റി ബോധവത്കരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. CDS മെമ്പർ അഫ്സത്ത് പുഴക്കിലിടത്ത്, സെലീന പഴേരി, ബുഷറ സിദ്ദിഖ്, തൊഴിലുറപ്പ് മേറ്റ് മാരായ ശോഭ, നിത്യ സുരേഷ്, എന്നിവർ നേതൃത്വം നൽകി.