*വിട വാങ്ങിയത് മണ്ണിനെ പൊന്നാക്കിയ കർഷകൻ*
* 101-)o വയസിൽ കുഞ്ഞേട്ടൻ യാത്രയായി
മലയോര മേഖലയായ കല്ലാനോട്ടെ ഏറ്റവും പ്രായം കൂടിയ കുടിയേറ്റ കർഷകനായിരുന്നു ഞായറാഴ്ച മരണപ്പെട്ട നരിക്കുഴി മാനുവലെന്ന കുഞ്ഞേട്ടൻ ( 101 ). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
1940-കളിൽ പഴയ കോട്ടയം ജില്ലയിൽ പെട്ട പെരുവന്താനത്തിൽ നിന്ന് മല കയറി വരുമ്പോൾ മാനുവൽ ഒന്നിന് മുന്നിലും തോൽക്കാൻ തയ്യാറാകാത്ത കരുത്തിന്റെ പര്യായമായിരുന്നു.
കുടിയേറി വന്നവർ വിയർപ്പിനാൽ ചരിത്രം എഴുതിയ കഥകളാണ് എക്കാലവും മലയോര മേഖലയിൽ നിന്നും ഉയർന്ന് കേട്ടിട്ടുള്ളത്.
മാനുവലിന്റേതും അതേ ചരിത്രമായിരുന്നു . ഒന്നുമില്ലാതെ കാട് പിടിച്ചു കിടന്ന മേഖലയിൽ മഹാമാരികളോടും, വന്യമൃഗങ്ങളോടും, പേമാരിയോടുമൊക്കെ പൊരുതി മണ്ണ് പൊന്നാക്കി മാറ്റിയ കർഷകനായിരുന്നു ഇദ്ദേഹം.
അന്ന് ഭാര്യ ത്രേസ്യാമ്മയ്ക്കും, മൂത്ത മകൻ മാത്യുവിനും, സഹോദരനുമൊപ്പമാണ് ഇങ്ങോട്ടേക്ക് വന്നത്. കൃഷി ചെയ്ത് ജീവിത മാർഗം കണ്ടെത്തുക തന്നെയായിരുന്നു ലക്ഷ്യം. കല്ലാനോട്ടിലെ പ്രബല കുടുംബമായ പാലാക്കുഴി തറവാടുക്കാരിൽ നിന്ന് ഏകദേശം ആയിരത്തിയഞ്ഞൂറിനടുത്ത് തുക നൽകിയാണ് ആറേക്കർ ഭൂമി വാങ്ങിയിരുന്നത്. കുരുമുളക്, കപ്പ, നെല്ല് തുടങ്ങിയവയായിരുന്നു അന്നത്തെ കൃഷി. കാർഷികവൃത്തി ജീവിതവ്രതമാക്കിയ കുഞ്ഞേട്ടൻ നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്നു.
'മലയോരത്തിന്റെ കാരണവർ' എന്ന പേരിൽ നാട്ടുകാർ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇദ്ദേഹം ഒരു തലമുറയുടെ തന്നെ വഴികാട്ടിയായിരുന്നു.
* “ഒരു കാലത്ത് മലയോര മേഖല കൊടും കാടായിരുന്നു. വന്യമൃഗങ്ങളും പട്ടിണിയും മാത്രം. അന്ന് ഈ മണ്ണിൽ വിത്തെറിഞ്ഞ അവസാന കണ്ണികളിൽ ഒരാളായിരുന്നു കുഞ്ഞേട്ടൻ. മലയോര ത്തിന്റെ ചരിത്രമന്വേഷിക്കുമ്പോൾ ആദ്യത്തെ പേരുകളിലൊന്ന് അദ്ദേഹത്തിന്റേതായിരിക്കും" കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സണ്ണി കാനാട്ട് അനുസ്മരിച്ചു.
*മാതൃഭൂമി... ✍🏿*