Trending

സ്വകാര്യ ബസുകാർക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയംകിട്ടും

ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള (സ്റ്റേജ് ക്യാരേജുകൾ) അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവർക്കെതിരേ ഉടൻ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഉത്തരവിറക്കാനാവാതെ വന്നതാണ് വാഹന ഉടമകൾക്ക് സഹായകമായത്. ഇനി പുതിയ സർക്കാർ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തൽസ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.

സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഏത് തരത്തിലുള്ള ക്യാമറയാണ് വേണ്ടതെന്ന നിർദേശം വരുംമുമ്പേ പലരും ക്യാമറകൾ സ്ഥാപിച്ചു.

ചിലർ നിർദേശങ്ങൾ പരിഗണിക്കാതെയും ക്യാമറകൾ സ്ഥാപിച്ചു. തുടർന്ന്, ഇതുമാറ്റാൻ വകുപ്പ് കർശന നിർദേശം നൽകി. എ.ആർ.എ.ഐ., ഐ.സി.എ.ടി., സി.ഐ.ആർ.ടി. എന്നീ ഏജൻസികളുടെ ക്യാമറകൾ സ്ഥാപിക്കാനാണ് അനുമതിയുള്ളത്.

ഫിറ്റ്നസ് ലഭിക്കുന്നതിനുൾപ്പെടെ ഈ ക്യാമറകൾ പരിഗണിക്കുമെന്നതിനാൽ മാർച്ച് 31-നകം ഇവ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. നിലവിൽ സ്ഥാപിച്ചവ മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഉടമകൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന് കാണിച്ച് ഒരു ഉടമ കോടതിയെ സമീപിക്കയും ചെയ്തിരുന്നു

കോടതി നിർദേശം വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തുടർ തീരുമാനങ്ങളെടുത്ത് ഉത്തരവിറക്കാനായില്ല. ഇനി ഉത്തരവ് വരുംവരെ തൽസ്ഥിതി തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

Post a Comment

Previous Post Next Post