Trending

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം; വിജയശതമാനം കൂടുതൽ പെൺകുട്ടികൾക്ക്


ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പുറത്തു വരുമ്പോൾ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് പെൺകുട്ടികളെന്ന് റിപ്പോർട്ട്. 93.70 ശതമാനമാണ് വിജയം. ആൺകുട്ടികളുടെ വിജയശതമാനം 92.69 ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 87.50 ശതമാനം പേർ വിജയിച്ചു.

സാധാരണയായി മെയിൽ വരാറുണ്ടായിരുന്ന പരീക്ഷ ഫലം ഇത്തവണ ഒരു മാസം നേരത്തെ തന്നെ പുറത്തുവിടാൻ ബോർഡിന് സാധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരം, വിജയവാഡ മേഖലകളാണ് (99.79%). 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തിയാണ് ഏറ്റവും പിന്നിൽ. 55,000ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 2.20 ലക്ഷം വിദ്യാർത്ഥികൾ 91 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇത്തവണ രണ്ട് ബോർഡ് പരീക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്കോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കോ മെയ് മാസത്തിൽ നടക്കുന്ന രണ്ടാമത്തെ പരീക്ഷ എഴുതാവുന്നതാണ്. ഇതിനായുള്ള അപേക്ഷകൾ സ്കൂളുകൾ വഴി സമർപ്പിക്കണം.

മേയിൽ നടക്കുന്ന രണ്ടാം ബോർഡ് പരീക്ഷകൾ കണക്കിലെടുത്താണ് വേഗത്തിലുള്ള മൂല്യനിർണയ പ്രക്രിയ നടത്തിയത്. ഏകദേശം 1.6 കോടി ഉത്തരക്കടലാസുകൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് മൂല്യനിർണ്ണയം നടത്തിയാണ് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിന്റെ നേതൃത്വത്തിൽ ഫലം പ്രസിദ്ധീകരിച്ചത്.


Post a Comment

Previous Post Next Post