തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ചിറയിൻകീഴ് അഴൂരിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ ക്ഷേത്രം വാർഡിൽ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൻ ആണ് മരിച്ചത്. മൂർഖൻ പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്.
ബുധനാഴ്ച വെളുപ്പിന് നാലു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ഉണരുകയും കാലിൽ എന്തോ കടിച്ചതായി പറയുകയുമായിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റതാണെന്ന് പ്രാഥമിക പരിശോധനയിൽ തിരിച്ചറിഞ്ഞതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടിക്ക് കടിയേറ്റതിനെത്തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ വിശദമായ തിരച്ചിലിലാണ് പാമ്പിനെ പിടികൂടിയത്
ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റിരുന്നു. അനോഷിനും ആൻജോയ്ക്കുമാണ് പാമ്പ് കടിയേറ്റത്. ആൻജോ മരണപ്പെട്ടിരുന്നു. സഹോദരൻ അനോഷ് അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കുകയാണ്. സംഭവത്തിനു ശേഷം ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും പല തവണയായി പാമ്പുകളെ പിടികൂടിയിരുന്നു.
Tags:
latest