Trending

സമരം ശക്തമാക്കി നഴ്‌സുമാർ; നിറഞ്ഞുകവിഞ്ഞ് മെഡി. കോളേജ് കാഷ്വാലിറ്റി; ചെറിയ ആശുപത്രികളിലും തിരക്ക്

കോഴിക്കോട്: നഴ്സുമാർ സമരം ശക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും താറുമാറായി. പ്രധാന ആശുപത്രികളൊന്നും കാഷ്വാലിറ്റിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പല ആശുപത്രികളിലും നേരത്തേ പ്രവേശിപ്പിക്കപ്പെട്ട അടിയന്തര ശ്രദ്ധവേണ്ട രോഗികൾ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ഇവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ആശുപത്രികളിൽ തിരക്ക് കൂടി. പലരും നഗരത്തിലെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ അതത് പ്രദേശത്തെ ചെറിയ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയാണ്. പ്രസവത്തിനുൾപ്പെടെ പലരും ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുംമറ്റും നിറഞ്ഞ സ്ഥിതിയാണ്. മറ്റ് ആശുപത്രികളിൽനിന്നുള്ള രോഗികളും ഇങ്ങോട്ടെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ മിക്കയിടത്തും ഒ.പി. സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേരത്തേ നിശ്ചയിച്ചിരുന്ന രണ്ടു ശസ്ത്രക്രിയകൾ ഡോക്ടർമാർ ചേർന്ന് പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അടിയന്തരസാഹചര്യമില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഇനി മുപ്പതോളം രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാഷ്വാലിറ്റി പ്രവർത്തിക്കുന്നില്ല. പുതുതായെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

ആസ്റ്റർ മിംസിലും എമർജൻസി വിഭാഗത്തിലെത്തുന്ന രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അടിയന്തരവിഭാഗങ്ങളിൽ മാത്രമാണ് നഴ്സുമാർ ഡ്യൂട്ടിക്കെത്തിയത്. അവയവമാറ്റ ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. കീമോതെറാപ്പി പൂർണമായും നിലച്ചിരിക്കുകയാണ്. 200-ഓളം കേസുകൾ ചെയ്യാൻ ബാക്കിയാണെന്നും അധികൃതർ പറഞ്ഞു.
മേയ്ത്ര ആശുപത്രിയിലും നിലവിൽ ചികിത്സയിലുള്ള രോഗികളെമാത്രമാണ് നോക്കുന്നത്. അടിയന്തര സാഹചര്യമില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഇഖ്റ ആശുപത്രിയുടെ പ്രവർത്തനവും വലിയതോതിൽ തടസ്സപ്പെട്ടു. അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.

ചൊവ്വാഴ്ച വന്നതിനെക്കാൾ കൂടുതൽ നഴ്സുമാർ ഡ്യൂട്ടിക്കെത്തിയതിനാൽ എമർജൻസി വിഭാഗം ബുധനാഴ്ച ഭാഗികമായി പ്രവർത്തിച്ചു.

കാഷ്വാലിറ്റിയിലെത്തിയ രോഗികളെ അടിയന്തരചികിത്സ നൽകി റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. സ്റ്റാർകെയർ ആശുപത്രിയിലും അടിയന്തര സേവനങ്ങൾ നൽകി. ഇവിടത്തെ നഴ്സുമാർ ബുധനാഴ്ച മുതലാണ് സമരത്തിൽ പങ്കുചേർന്നത്. ഫാത്തിമ ആശുപത്രിയിൽ മൂന്നിലൊന്ന് നഴ്സുമാർ ബുധനാഴ്ചയും ഡ്യൂട്ടിക്കെത്തിയതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല.

Post a Comment

Previous Post Next Post