തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖല വീണ്ടും സമരച്ചൂടിലേക്ക്. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (UNA) നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്കിലേക്ക് നീങ്ങുകയാണ്.
ഫെബ്രുവരി 21-ന് നടത്തിയ സൂചനാ പണിമുടക്കിന് പിന്നാലെ, സർക്കാർ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നഴ്സുമാർ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.
നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മാർച്ച് 5 വ്യാഴാഴ്ച മുതൽ ആരംഭിക്കും.
സംസ്ഥാനത്തെ ഏകദേശം 490-ഓളം സ്വകാര്യ ആശുപത്രികളെ സമരം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാന ആവശ്യങ്ങൾ:
അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കുക.
ഏഴ് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക.
വീരകുമാർ കമ്മിറ്റി ശുപാർശ ചെയ്ത ഷിഫ്റ്റ് സമ്പ്രദായം എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക.
"നഴ്സുമാരുടെ അതിജീവന പോരാട്ടമാണിത്.
ഏഴ് വർഷമായി ശമ്പളം പുതുക്കാതെ മാനേജ്മെൻ്റുകൾ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ പൊതുസമൂഹം ഒപ്പം നിൽക്കണം." - UNA നേതൃത്വം.
രോഗികൾ അറിയാൻ:
സമരത്തിൻ്റെ ഭാഗമായി നഴ്സുമാർ വാർഡ് ഡ്യൂട്ടികളിൽ നിന്നും വിട്ടുനിൽക്കുമെങ്കിലും, അത്യാഹിത വിഭാഗങ്ങളെ (Casualty) പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഒപി സേവനങ്ങളെയും ശസ്ത്രക്രിയകളെയും സമരം കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
പണിമുടക്കിന് മുന്നോടിയായി ഇന്ന് നഴ്സുമാർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ മേഖല പൂർണ്ണമായും നിശ്ചലമായേക്കാം.
Tags:
latest
