Trending

കൂരാച്ചുണ്ട് പഞ്ചായത്ത് ബജറ്റ് ബഡ്സ് സ്കൂൾ കെട്ടിടം, പകൽ വീട് യാഥാർഥ്യമാക്കും





കൂരാച്ചുണ്ട് : ഗ്രാമപഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബിജു കടലാശേരി അവതരിപ്പിച്ചു. 26,14,04,341 രൂപ വരവും 25,97,42,100 രൂപ ചെലവും 16,62,241 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിട നിർമാണത്തിനും സ്ഥലം വാങ്ങാനും 30 ലക്ഷം രൂപ നീക്കിവെച്ചു. പകൽ വീട് നിർമാണത്തിന് 15 ലക്ഷം രൂപയും, പൊതുകളിസ്ഥല നിർമ്മാണത്തിന് സ്ഥലം വാങ്ങുന്നതിനായി 71.5 ലക്ഷം രൂപയും നീക്കി വെച്ചു. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ മൂന്ന് ലക്ഷം രൂപയും, മാലിന്യ സംസ്കരണത്തിന് മുപ്പത് ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിലേക്ക് വാഹനം വാങ്ങാൻ പതിനഞ്ച് ലക്ഷം രൂപയും വകയിരുത്തി. തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അഞ്ച് ലക്ഷവും,മേലെ അങ്ങാടി അംഗനവാടി നിർമ്മാണത്തിന് 30 ലക്ഷവും വകയിരുത്തി. കർഷകർക്ക് സൗരവേലി നിർമ്മിക്കൽ, അതിദരിദ്രർക്ക് തുടർ സേവനം, കൂരാച്ചുണ്ട് ഫെസ്റ്റ്, ലഹരി വിരുദ്ധ ക്യാമ്പയിൻ, കരനെൽകൃഷി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ
എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ചെറിയാൻ അറയ്ക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി അബ്രഹാം പുല്ലംകുന്നേൽ, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post