ചാലിടം - കക്കയം വട്ടുകുളം ട്രോഫി കലാശപോരാട്ടം ഇന്ന്
* ചാലിടം ലക്ഷ്യമിടുന്നത് ആദ്യ കിരീടം, കക്കയത്തിന്റെ നോട്ടം 25 വർഷത്തിന് ശേഷമുള്ള കിരീടധാരണം
* കക്കയം സജ്ജം
* സെറ്റാണു ചാലിടം
* കലാശപോരാട്ടത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ യു.ഷറഫലിയെത്തുന്നു
നാൽപതാം വട്ടുകുളം ട്രോഫിയുടെ കലാശപ്പോരിൽ ചാലിടവും കക്കയവും ഇന്നു നേർക്കുനേർ. വൈകുന്നേരം 4.30നു കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തത്സമയം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പോരാട്ട വീര്യം കൊണ്ടും കാൽപന്ത് കളിയോടുള്ള മുഹബ്ബത്ത് കൊണ്ടും മലയോര മണ്ണിലെ മംഗലശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനുമാണു ചാലിടവും കക്കയവും
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇലവൻസ് ടൂർണമെന്റുകളിൽ ഒന്നാണ് വട്ടുകുളം ടൂർണമെന്റ്.1957 മുതൽ 67 വരെ കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ.ജോർജ് വട്ടുകുളത്തിന്റെ ഓർമ്മ നിലനിർത്താൻ 1983ലാണ് ടൂർണമെന്റ് ആരംഭിച്ചത്. ഫാ.ജിനോ ചുണ്ടയിൽ രക്ഷാധികാരിയും,അനു കടുകൻമാക്കൽ സെക്രട്ടറിയുമായുള്ള 21 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇത്തവണത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
കല്ലാനോട് പള്ളി,
ഹൈസ്കൂൾ, തിരുഹൃദയ മഠം, സർവീസ് സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റ് ഓഫീസ് എന്നിവയൊക്കെ തുടങ്ങാൻ നേതൃത്വം നൽകിയത് വട്ടുകുളത്തച്ചനാണ്.
ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടും അച്ചന്റെ നേതൃത്വത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.
വിവിധ ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ഓരോ വർഷവും
ടൂർണമെന്റിൽ പങ്കെടുക്കുന്നത്. തദ്ദേശ -വിദേശ താരങ്ങൾ ടീമുകൾക്കായി ബൂട്ടണിയുന്നു.
ഒന്നാം സ്ഥാനക്കാർക്ക് ഫാ.വട്ടുകുളം സ്മാരക എവര്‍റോളിംഗ് ട്രോഫിയും 100001 രൂപ പ്രൈസ്മണിയും, രണ്ടാം സ്ഥാനക്കാർക്ക് ആഗസ്തി അബ്രഹാം കടുകൻമാക്കൽ എവര്‍റോളിംഗ് ട്രോഫിയും ടൂർണമെന്റ് കമ്മിറ്റി നൽകുന്ന 50001രൂപ പ്രൈസ്മണിയും ലഭിക്കും.
*കക്കയം സജ്ജം*
പേര് കൊണ്ടും, മേൽവിലാസം കൊണ്ടും വമ്പൻമാരായ 12 ടീമുകൾ പങ്കെടുക്കുന്ന ജില്ലയിലെ സുപ്രധാന ടൂർണമെന്റിൽ തുടർച്ചയായി രണ്ടാം വർഷവും ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കക്കയം. സെമിഫൈനലിൽ മമ്പാടിനെതിരെ മനോഹരമായ കളി കക്കയം കാഴ്ച വെച്ചുവെന്നതിൽ ടീം മാനേജ്മെന്റിന് സംശയമില്ല. പ്രാദേശിക താരങ്ങളുടെ ടീം സ്പിരിറ്റും, കാണികളുടെ പിന്തുണയും കൂടിയാണ് കക്കയത്തിന്റെ കരുത്ത്. കഴിഞ്ഞ തവണ നടന്നത് പോലെയുള്ള ഫൈനൽ മത്സരമായിരിക്കില്ല ഇതെന്ന് കക്കയം കട്ടായം പറയുന്നു. വെറും വാക്കല്ല, ചാലിടത്തിന് തലവേദന സൃഷ്ടിക്കാൻ പോന്ന വെടിക്കൊപ്പുകൾ കക്കയം നിരയിലുണ്ട്. ഗോളുകൾ വഴങ്ങുന്നതിലെ പിശുക്ക് കക്കയം പ്രതിരോധത്തിന്റെ കടുപ്പത്തിന്റെ തെളിവാണ്. പ്രാദേശിക താരങ്ങളായ ജുനൈദിന്റെയും, അൽത്താഫിന്റെയും നേതൃത്വത്തിലുള്ള പ്രതിരോധപ്പൂട്ട് പൊളിക്കാതെ ചാലിടത്തിന് രക്ഷയില്ല. കഴിഞ്ഞ വർഷവും ഈ വർഷവും ഗോൾ പോസ്റ്റിന് മുന്നിൽ ചീറി പാഞ്ഞു വരുന്ന തീ പന്തുകളെയും കൈവെള്ളയിലൊതുക്കി മികച്ച പ്രകടനം നടത്തുന്ന ഗോൾ കീപ്പർ അഖിലേഷിന്റെ ചോരാത്ത കൈകളും കക്കയത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മധ്യനിരയിലെ വൈവിധ്യത്തിലും ചാലിടാത്തോളം വരും കക്കയം. മുന്നേറ്റനിര പരാജയപ്പെട്ടാൽ ഗോളിലേക്കു വെടിയുതിർക്കാനുള്ള ശേഷി അവർക്കുണ്ട്. മൂന്ന് ഗോളടിച്ചു മിന്നുന്ന ഫോമിൽ നിൽക്കുന്ന സുൻട്രുവിനെ പൂട്ടാൻ ചാലിടം പ്രതിരോധം നന്നായി പണിയെടുക്കേണ്ടി വരും.
*സെറ്റാണു ചാലിടം*
ആർത്തിരമ്പുന്ന ഗാലറിയുടെ പിന്തുണയിൽ നടത്തിയ സ്വപ്ന തുല്യമായ തേരോട്ടം കിരീട നേട്ടത്തിലൂടെ സമ്പൂർണമാക്കാനുറച്ചാണു ചാലിടം ഇറങ്ങുന്നത്. ടീമിന്റെ മധ്യനിരയുടെ വിഭവ ശേഷിയിൽ തന്നെയാണു ചാലിടത്തിന്റെ ആത്മവിശ്വാസം. മുന്നേറ്റ നിര നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും ലക്ഷ്യം കണ്ടെത്താതെ വിഷമിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ട് കളികളിലും മികച്ച പ്രകടനം കാഴ്ച വെച്ച ഗോൾ കീപ്പർ മുർശിദ് ഇന്നും കാവൽ മാലാഖയാകും എന്ന് തന്നെയാണ് തന്നെയാണു പ്രതീക്ഷ. കല്ലാനോടുമായി നടന്ന മത്സരത്തിൽ സംഭവിച്ച പ്രതിരോധത്തിലെ വിള്ളൽ കൂടി അടച്ചാണു ചാലിടം അന്തിമ പോരിനിറങ്ങുക. മികച്ചടീമുകളായ വാഴക്കാടിനെയും കല്ലാനോടിനെയും തോൽപിച്ചതിന്റെ ആത്മവിശ്വാസവും ചാലിടത്തിനുണ്ട്....!
*വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ് കലാശപോരാട്ടത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ യു.ഷറഫലിയെത്തുന്നു*
രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിരോധ ഭടനെ കുറിച്ച് ഒന്നൂടെ പറഞ്ഞാൽ,..
ജനറേഷൻ ഭേദമന്യേ ഇന്ത്യൻ ഫുട്ബോളിന്റെ പ്രൊഫഷണലിസത്തിന്റെ പര്യായമായ പേര് യു.ഷറഫലി.
ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട്ബാൾ ചരിത്രത്തിൽ സുവർണ കാലഘട്ടമായ 90 കളിൽ ഒഴിവാക്കാൻ പറ്റാത്ത ഫസ്റ്റ് ഇലവൻ വലത് വിങ്ങർ. പേരും പെരുമയുമുള്ള കിടിലൻ ടീമുകളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ,മുഹമ്മദൻസ്, ജെസിടി, ചർച്ചിൽ തുടങ്ങിയ ക്ലബുകളിലെ എണ്ണം പറഞ്ഞ കളിക്കാർ ഇന്ത്യൻ ടീമുകളിൽ ഇടം പിടിക്കുമ്പോൾ, മലയാളത്തിന്റെ മലയാളിയുടെ അഭിമാനമായി ഇന്ത്യക്കായി 11 വർഷം പന്ത് തട്ടിയ അതുല്യപ്രതിഭ..
ഫുട്ബാളിന്റെ ഈറ്റില്ലമായ തെരട്ടമ്മൽ എന്ന ഗ്രാമത്തിൽ ജനിച്ചു എന്നതുകൊണ്ട്, ഗ്രാമത്തിൽ പ്രകൃതി ഒരുക്കിയ പുൽത്തകിടിയിൽ അക്കാദമികൾ ഇല്ലാത്ത കാലത്തും, പന്ത് തട്ടികയറി മുകളിലേക്ക് പടവുകൾ കയറിയ ഫുട്ബോളർ..!
സ്പോർട്സ് സ്കൂളിലും മമ്പാട് MES ഉം പഠിച്ച് കളിച്ചു വളർന്ന പ്രതിഭ...!
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ കളിക്കാരനായി ചെറുപ്രായത്തിൽ തന്നെ തന്റെ വരവറിയിച്ചവൻ..!
അപ്പോയ്ന്റ്മെന്റ് കിട്ടിയ അന്നത്തെ അറിയപ്പെടുന്ന ടീമായ KSRTC യിൽ ജോയിൻ ചെയ്യാൻ പോകുന്ന വഴി തീരുമാനം മാറ്റി അന്നത്തെ ജനങ്ങൾക്ക് താപര്യമില്ലാത്ത പോലിസ് ഫോയ്‌സിന്റെ പുതിയ ഫുട്ബോൾ ടീമായ, കേരള പോലിസ് ഫുട്ബാൾ ടീമിലേക്ക് കയറുകയും, അതോടുകൂടി പോലീസിന്റെയും ടീമിന്റേയും അതുപോലെ തന്റെയും ഗ്രാഫ് ഒരുപാട് ഉയരത്തിലേക്ക് കയറ്റിയ ജയിക്കാനായി ജനിച്ചവൻ..!
കേരള സന്തോഷ് ട്രോഫി ടീമിന്റെ സ്ഥിരാഗമായി ഐ.എം.വിജയൻ സത്യൻ, പാപ്പച്ചൻ തുടങ്ങിയ എണ്ണം പറഞ്ഞ കളിക്കാരോടൊപ്പം വർഷങ്ങളോളം ചാമ്പ്യന്മാരായും അല്ലാതെയും മിന്നി തിളങ്ങിയ താരം..!
ഈ സുവർണ്ണ കാലഘട്ടത്തിൽ പതിനൊന്നു തവണ ഇന്ത്യക്കായി കളിച്ചു എന്നത് അവിശ്വസനീയം...!
പ്രൊഫഷണൽ ഫുട്ബാൾ കാലഘട്ടം ഇന്ത്യയിൽ ഉടലെടുത്തപ്പോൾ അതിലും ഭാഗവാക്കായി മോഹൻ ബഗാനിലും മറ്റുമായി കൽക്കത്തയിൽ ഉൾപ്പടെ ഷറഫലിയുടെ പ്രൊഫഷണൽ ഫുട്ബോൾ തേരോട്ടം.
ഫുട്ബാൾ കരിയറിന് ശേഷം തന്റെ ജോലിയായ പോലിസ് ഡിപ്പാർട്മെന്റിൽ സ്ത്യുത്യർഹമായ സേവനം.., പോലീസ് ഇൻസ്‌പെക്ടർൽ തുടങ്ങി കമാൻഡന്റായി വിരമിക്കൽ.
അതിനിടയിൽ വർക്ക് ചെയ്ത ഓരോ സ്ഥലത്തും തന്റേതായ കൈയൊപ്പ് ചാർത്തി ഫുട്‌ബോൾ കരിയറിലെ വിജയം ജോലിയിലും ആവർത്തിച്ച യു.ഷറഫലി എന്ന പോലിസ് ഓഫിസർ.!
ഷറഫലി എന്ന ഫുട്ബാൾ പ്രതിഭയുടെ ചരിത്രം പല സമയങ്ങളിലായി നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതുമാണ്. അദ്ദേഹത്തിന്റെ ഫുട്ബാളിലെ തുടക്കം മുതൽ ഗവ.സർവീസിലെ വിജയ തിളക്കം വരെ..!
അർഹതയ്ക്ക് അംഗീകാരം എന്ന നിലയിൽ ഇപ്പോഴും ഗവൺമെന്റ് സമ്മാനിച്ച കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന ഭാരിച്ച ഉത്തരവാദിത്വം...!
അദ്ദേഹം ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ, കരിയറിലെ വഴികൾ.. നീണ്ട കാലയളവിൽ ഫിറ്റ്‌നെസ്സ് കാത്ത്സൂക്ഷിച്ച് നടത്തിയ ഫുട്ബോൾ കരിയർ... ഇനി വരുന്ന തലമുറക്ക് അറിയാൻ ഏറെയുണ്ട് ഷറഫലി എന്ന പ്രതിഭയിൽ നിന്ന്..!
കോടിക്കണക്കിന് കാൽപന്ത് ആസ്വാദകരുടെ മനം കവർന്ന താര രാജാവേ, അങ്ങേക്ക് മലയോര കുടിയേറ്റ മണ്ണിലേക്ക് ഏറെ സ്നേഹത്തോടെ സുസ്വാഗതം....🥰🤝
✍🏿 *നിസാം കക്കയം*
