നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്ന യുവതി മെഡിക്കൽ കോളേജിലെ ശൗചാലയത്തിൽവെച്ച് പുറത്തുവന്ന മാല ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞതായി പോലീസ്. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനാവാതെ നിലമ്പൂർ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തൊണ്ടിമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പാലേമാട് കല്ലൻ കുന്നൻ സമീനയെ നിലമ്പൂർ കോടതി മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചെടുത്ത് പ്രതി വിഴുങ്ങിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ എക്‌സ്-റേ പരിശോധനയിൽ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു.
യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അവിടെവെച്ച് ശനിയാഴ്ച രാത്രിയാണ് ശൗചാലയത്തിൽ പോയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാപോലീസുകാരെ തട്ടിമാറ്റി മാല ക്‌ളോസറ്റിലേക്കിട്ടത്.
ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. കാവൽ നിന്ന 2 വനിതാ സിപിഒമാർക്കു നേരെ വിസർജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റി ലിട്ടു ഫ്‌ലഷ് ചെയ്തുകളയുകയായിരുന്നു വെന്നാണ് പോലീസ് പറയുന്നത്. മാല വിസർജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്. തുടർന്ന്, സമീനയുടെ എക്‌സ്‌റേ എടുത്തപ്പോൾ വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൊണ്ടിമുതൽ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടിരിക്കുകയാണ്. തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി യുവതിക്കെതിരെയുള്ള കേസിൽ ചേർത്തിട്ടുണ്ട്.
Tags:
latest
