ഹാ, എന്തൊരു ശേലായിരുന്നു നമ്മടെ കല്ലാനോട്ടെ വട്ടുകുളം പന്തുകളി. സംഗതി അങ്ങട് കളറായി ട്ടോ. ഒന്നും നോക്കിയില്ല, നമ്മൾ പൊളിച്ചടുക്കി. 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശം നിറഞ്ഞ പരിസമാപ്‌തി. കപ്പ് കക്കയത്തിന്റെ കൈകളിലേക്ക്.
3 മാസക്കാലത്തെ തീവ്രമായ ഒരുക്കങ്ങൾ. മുന്നിൽനിന്ന് നയിക്കാൻ മികച്ച സ്പോർട്സ്മാൻ കൂടിയായ രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ. എല്ലാമെല്ലാം കൂട്ടിയിണക്കാൻ മിടുക്കനായ സെക്രട്ടറി അനു കടുകന്മാക്കൽ. അവർക്കൊപ്പം നാടിന്റെ നന്മക്കായി ഒരുപറ്റം നല്ല മനുഷ്യർ.
സ്പോൺസർമാരെ കണ്ടെത്താൻ കൈകോർത്ത് മുന്നോട്ട്. ഗ്രൗണ്ട് സെറ്റാക്കാനും പരസ്യബോർഡുകൾ സ്ഥാപിക്കാനും വിശ്രമമില്ലാത്ത രാപകലുകൾ. നാടിളക്കി ആവേശകരമായ പ്രചരണ പരിപാടികൾ. തീപാറും കളിയിൽ പൊടി പാറാതിരിക്കാൻ ഗ്രൗണ്ടിനെ ദിവസേന കുളിർപ്പിച്ചവർ.
അങ്കകളത്തിൽ കാൽപന്തുകളിയുടെ മാസ്മരികത സമ്മാനിച്ച പ്രതിഭകൾ. അവരെ എത്തിക്കാൻ സർവവും മറന്ന് ഓടിനടന്ന ടീം മാനേജർമാർ. ഗാലറി നിറച്ച ഫുട്ബോൾ പ്രേമികൾ. കണിശതയോടെ മത്സരം നിയന്ത്രിച്ച റഫറിമാർ. വിഷ്വൽ ക്ലാരിറ്റിയോടെ ലൈവ് സംപ്രേക്ഷണം ഒരുക്കിയവർ.
കയ്യയച്ച് സഹായിച്ച വ്യാപാരികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സുമനസുകൾ. മെഡിക്കൽ സർവീസുമായി എത്തിയ പൂനൂർ റിവർ ഷോർ ഹോസ്പിറ്റൽ. വാക്കിലും ദൃശ്യത്തിലും ഫുട്ബോൾ ആവേശം നിറച്ച മാധ്യമപ്രവർത്തകർ. കാവലായി, കരുതലായിനിന്ന പോലീസ് അധികാരികൾ.
11 ദിവസത്തെ ഉത്സവം കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത് നിറമുള്ള ഒത്തിരി ഓർമ്മകൾ. സാഹോദര്യത്തിന്റെ സ്നേഹഗാഥകൾ സുഗന്ധം പൊഴിക്കുന്ന സായന്തനങ്ങൾക്ക് ഫൈനൽ വിസിൽ ഇല്ലെന്ന സന്തോഷവുമായി പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ വരുന്ന അടുത്ത വർഷത്തെ ടൂർണമെന്റിനായി ഫുട്ബോൾ സ്നേഹികൾ കാത്തിരിക്കുന്നു.