Trending

കോഴി വളർത്തലിൽ വിജയം നേടി കുര്യാക്കോസ്





കൂരാച്ചുണ്ട് : കോഴിവളർത്തലിൽ നിന്നാരംഭിച്ച് ഇന്ന് നിരവധി മേഖലകളിലേക്ക് വ്യാപിച്ച് നാടിന് മാതൃകയായ സ്റ്റാർട്ടപ്പ് സംരംഭമായി മാറിയിരിക്കുകയാണ് കുര്യാക്കോസ് കാട്ടേക്കുടിയിലിന്റെ നേതൃത്വത്തിലുള്ള വിജിൽ എൻറ്റർപ്രൈസസ്. വലിയകൊല്ലിയിൽ ഒരു ചെറിയ കോഴി ഫാമിൽ നിന്നാരംഭിച്ച ഈ സംരംഭം ഇന്ന് മൈക്കാവിൽ തീറ്റ നിർമാണം, കോഴിക്കുഞ്ഞ് വിതരണം, ഇരുപതോളം കോഴിയിറച്ചി വിൽപ്പന കേന്ദ്രങ്ങൾ എന്നിവയിലേക്ക് വളർന്നിരിക്കുന്നു.
കെ.എസ്.ആർ.ടി.സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കുര്യാക്കോസ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിസിനസ് ഫെസിലിറ്റേറ്ററായി ജോലി ലഭിച്ചു. ബാങ്ക് ജോലിക്കിടെ തയ്യാറാക്കിയ ഒരു പ്രോജക്റ്റ് റിപ്പോർട്ടാണ് കോഴി കൃഷിയിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചതെന്ന് അദ്ദേഹം പറയുന്നു.




2010-ലാണ് ആദ്യമായി കോഴി ഫാം ആരംഭിച്ചത്.
ആദ്യകാലത്ത് തമിഴ്നാട് ആസ്ഥാനമായ ചില കമ്പനികൾ കോഴിക്കുഞ്ഞുങ്ങളും തീറ്റയും സൗജന്യമായി നൽകി ഇവിടെ കർഷകരെ കൊണ്ട് വളർത്തിച്ചു, പിന്നീട് വിപണിയിൽ വിൽപ്പന നടത്തിയിരുന്ന സാഹചര്യത്തിൽ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി കുര്യാക്കോസ് മനസ്സിലാക്കി. തുടർന്ന് മലയോര മേഖലയിലെ കർഷകരെ കൂട്ടി സ്വതന്ത്രമായി കോഴി ഫാം ആരംഭിക്കാനുള്ള ആശയം പങ്കുവെച്ചതോടെ നിരവധി പേർ അത് സ്വീകരിച്ചു. ഇതിന്റെ ഫലമായി കർഷകരുടെ ജീവിത നിലവാരം ഉയരുകയും മാസവരുമാനം വർദ്ധിക്കുകയും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുമിടയായി.
ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറോളം ഫാമുകളിലേക്ക് വിജിൽ എൻറ്റർപ്രൈസസ് കോഴിക്കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്യുന്നു. നാല് ദിവസത്തിലൊരിക്കൽ ഏകദേശം 25,000 കൊത്തുമൊട്ടകൾ ആന്ധ്രാപ്രദേശിൽ നിന്ന് എത്തിച്ച് സ്വന്തം ഹാച്ചറിയിൽ വിരിയിച്ച് കർഷകർക്ക് നൽകുന്നു. മണിക്കൂറിൽ ആറു ടൺ തീറ്റ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള തീറ്റ ഫാക്ടറിയും സ്ഥാപനത്തിനുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ചോളം, സോയ എന്നിവയും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിറ്റാമിൻ മിക്സുകൾ, പ്രീബയോട്ടിക്, പ്രൊബയോട്ടിക് ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് തീറ്റ നിർമ്മിക്കുന്നത്.


നൂറിലധികം കുടുംബങ്ങൾക്ക് നേരിട്ടുള്ള തൊഴിൽ ലഭിക്കുന്നു. പന്ത്രണ്ട് ഡ്രൈവർമാർ, നാൽപ്പത് ഔട്ട്ലെറ്റ് ജീവനക്കാർ, ഫാക്ടറി-ഓഫീസ് ജീവനക്കാർ, ഹോം ഡെലിവറി സ്റ്റാഫ് എന്നിവരാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.
2019-ൽ കൊറോണ മഹാമാരി വ്യാപിച്ചതോടെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടു. അന്നുണ്ടായിരുന്ന പതിനൊന്ന് ഫാമുകളിലേക്ക് പോലും തീറ്റ എത്തിക്കാൻ കഴിയാതെ കോഴികളെ സൗജന്യമായി വിതരണം ചെയ്യേണ്ട അവസ്ഥയുണ്ടായി. എന്നാൽ ആത്മവിശ്വാസവും അചഞ്ചല പരിശ്രമവും കൊണ്ട് ആ പ്രതിസന്ധിയെ മറികടന്ന് ഇന്ന് കൂടുതൽ ശക്തമായി മുന്നേറുകയാണ് സംരംഭം.
ജില്ലയിലെ ഇരുപതോളം ഔട്ട്ലെറ്റുകളിൽ പൊതുമാർക്കറ്റിലെ വിലയേക്കാൾ 20 മുതൽ 40 രൂപ വരെ കുറവിൽ ഒരു കിലോ കോഴിയിറച്ചി വിൽപ്പന നടത്തുന്നു. ഇത് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും സാധാരണ ജനങ്ങൾക്കും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. കൊറോണ കാലത്ത് കിലോയ്ക്ക് 9 രൂപ നിരക്കിൽ കോഴി കച്ചവടക്കാർക്ക് നൽകിയെങ്കിലും 150 രൂപ നിരക്കിലാണ് അവർ അന്ന് കച്ചവടം നടത്തിയത്. ഈ സംഭവത്തോടെയാണ് ഔട്ട്ലെറ്റ് എന്ന ആശയം ഉടലെടുത്തത്. കോഴിയിറച്ചി വില കുറച്ചു കൊടുക്കുന്നതിനാൽ നിരവധി ഭീഷണികളും കുര്യാക്കോസിന് വരാറുണ്ട്. വിലകുറച്ച് നല്ല ഇറച്ചി ജനങ്ങൾക്ക് എത്തിക്കുക എന്ന ആശയത്തിലാണ് ഇപ്പോൾ ഉറച്ചുനിൽക്കുന്നത്.



കുര്യാക്കോസിന്റെ സംരംഭത്തിന് ഭാര്യ ജസ്നയുടെ ശക്തമായ പിന്തുണയും ഉണ്ട് ചെറിയൊരു ആശയത്തിൽ നിന്നാരംഭിച്ച് ഇന്ന് നാടിന് മാതൃകയായ ഒരു സംരംഭമായി വിജിൽ എൻറ്റർപ്രൈസസ് വളർന്നത് പ്രാദേശിക സംരംഭകർക്ക് വലിയ പ്രചോദനമാണ്.

Post a Comment

Previous Post Next Post