കൊയിലാണ്ടി: തീവണ്ടിയിൽ ടിക്കറ്റ് റിസർവേഷൻ ചെയ്ത് യാത്ര ചെയ്യുന്നവർക്ക് കർശന നിബന്ധനകളുമായി റെയിൽവേ. യാത്രതുടങ്ങുന്ന സ്റ്റേഷനിൽ(ബോർഡിങ് സ്റ്റേഷനിൽ) നിന്നുതന്നെ കയറിയില്ലെങ്കിൽ റിസർവേഷൻ ചെയ്ത സീറ്റ് നിമിഷങ്ങൾക്കുള്ളിൽ നഷ്ടപ്പെടും.
റിസർവ്ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകർ അടുത്ത സ്റ്റേഷൻവരെ കാത്തുനിൽക്കില്ല. മുൻപ് ഒരു യാത്രക്കാരൻ ബോർഡിങ് സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ, അടുത്ത രണ്ടുസ്റ്റേഷനുകൾവരെ ടി.ടി.ഇ. ആ സീറ്റ് മറ്റാർക്കും നൽകാതെ കാത്തുനിൽക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ടി.ടി.ഇ.മാർക്ക് പുതിയ എച്ച്.എച്ച്.ടി. (ഹാൻഡ് ഹെൽഡ് ടെർമിനൽസ്) ടാബ്‌ലെറ്റുകൾ നൽകിയതോടെ കാര്യങ്ങൾ മാറിയിരിക്കുകയാണ്.
ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ ട്രെയിനിൽ കയറിയില്ലെങ്കിൽ ഉടൻതന്നെ ടാബ്‌ലെറ്റിൽ അത് രേഖപ്പെടുത്തും. മാത്രവുമല്ല ഉടൻതന്നെ ആ സീറ്റ് വെയ്‌റ്റിങ് ലിസ്റ്റിലുള്ളവർക്കോ ആർ.എ.സി. യാത്രക്കാർക്കോ എച്ച്.എച്ച്.ടി. സിസ്റ്റം നൽകും.
നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകിക്കഴിഞ്ഞാൽ ആ വിവരം എസ്.എം.എസ്. വഴി യാത്രക്കാരുടെ ഫോണിലെത്തും. ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ സ്വന്തം ഫോൺനമ്പർ നൽകാത്തവർക്ക് എസ്.എം.എസ് വരില്ല. പലരും യാത്രചെയ്യുന്നവരുടെ മൊബൈൽ നമ്പർ നൽകാറില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ അവരുടെ മൊബൈൽനമ്പറാണ് പൊതുവേ കൊടുക്കാറുള്ളത്.
ടിക്കറ്റ് റിസർവ്ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പറിലേക്ക് മാത്രമേ എസ്.എം.എസ്. പോവുകയുള്ളൂ. ട്രാവൽ ഏജന്റ്മാർ ടിക്കറ്റ് കിട്ടാൻ പല സ്ഥലത്തുനിന്നും ബുക്ക് ചെയ്യും. അവരുടെ മൊബൈൽ നമ്പറാണ് കൊടുക്കുക. ഇത് യാത്രക്കാർ അറിയില്ല.
സീറ്റ് നഷ്ടപ്പെടാതിരിക്കണമെങ്കിൽ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിങ് സ്റ്റേഷനിൽതന്നെ കൃത്യസമയത്ത് ട്രെയിൻ കയറാൻ എത്തണം. കയറാൻ ഉദ്ദേശിക്കുന്ന സ്റ്റേഷൻ മാറുകയാണെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിങ് പോയിന്റ് മാറ്റണം.
Tags:
latest
