Trending

കക്കയം പുഴയോരങ്ങളിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിച്ചു



കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ
കക്കയം പുഴയോരങ്ങളിലും, റോഡരികിലും ജലസേചന വകുപ്പ് അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചു. കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ അനുവദനീയമല്ലാത്ത മേഖലകളിലും ജലാശയങ്ങളിലും ഇറങ്ങുന്നതിന്റെ അപകട സാധ്യത സംബന്ധിച്ച് 'മാതൃഭൂമി' തുടർച്ചയായി വാർത്ത നൽകിയിരുന്നു.

'മുങ്ങി മരണ സാധ്യതയുള്ള പ്രദേശമായതിനാൽ റിസർവോയറിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു. മുന്നറിയിപ്പ് ലംഘിച്ച് പുഴയിൽ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്' എന്നാണ് ബോർഡുകളിലുള്ളത്.

കഴിഞ്ഞ വർഷം ജൂലായ് ഒൻപതിന് കക്കയം പഞ്ചവടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ സഞ്ചാരി അപകട ത്തിൽപ്പെട്ട് മരിച്ച പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നേതൃത്വത്തിലും രണ്ട് സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

കക്കയം പഞ്ചവടി, മുപ്പതാംമൈൽ, കരിയാത്തുംപാറ മേഖലയിലാണ് സഞ്ചാരികൾ പുഴയിലിറങ്ങി അപകടങ്ങളിൽപ്പെടുന്നത്. അവധി ദിവസങ്ങളിൽ കക്കയം പുഴയുടെ വിവിധ ഭാഗങ്ങളിൽ കുളിക്കാനായി മാത്രം എത്തുന്നവരും നിരവധിയാണ് . വിനോദ സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത് തടയാൻ നടപടി വേണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. പോലീസ് പുഴയിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ആരോപണമുണ്ട്.
.


വീതിയേറിയ പുഴയും തുരുത്തുകളും മനോഹരമായ പാറക്കൂട്ടങ്ങളും സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന കാഴ്ചകളാ ണ്. പോലീസിൻ്റെയോ മറ്റ് അധികാരികളുടെയോ ഇടപെടൽകൂടാതെ സമയം ചെലവഴിക്കാം എന്നതിനാൽ പുഴയോരത്തെ താവളമാക്കുന്നവരുമുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽനിന്ന് ടൂറിസം കേന്ദ്രം കാണാനെത്തുന്നവർ കൂട്ടമായി പുഴയോരത്തെത്തുകയും പ്രദേശവാസികളുടെ വാക്കുകൾ അവഗണിച്ച് പുഴയിലിറങ്ങുകയും ചെയ്യുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
റിപ്പോട്ടർ : നിസാം കക്കയം 

Post a Comment

Previous Post Next Post